വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം കൂടി. ഈശോയുടെ ദൈവികതയെ മാര്‍പാപ്പ അംഗീകരിക്കുന്നില്ലെന്നും ഈശോ ദൈവപുത്രനാണെന്ന് പാപ്പ അഭിപ്രായപ്പെടുന്നില്ല എന്നുമാണ്പാപ്പയുടെ പേരില്‍ പുതുതായി പുറത്തുവന്നിരിക്കുന്ന വിവാദം.
ലെ റിപ്പബ്ലിക്കില്‍ തന്റെ കോളത്തിലൂടെ ഡോ. യൂജീനോ സ്‌കാല്‍ഫാരിയാണ പാപ്പയുടേതായ ഈ അഭിപ്രായപ്രകടനം രേഖപ്പെടുത്തി വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ യേശുവിനെ നസ്രത്തിലെ ഒരു പുണ്യപുരുഷനായിട്ടാണ് കാണുന്നത്. ഒരിക്കലും മനുഷ്യാവതാരം ചെയ്തദൈവമായി കാണുന്നില്ല എന്നായിരുന്നു നിരീശ്വരവാദിയായ ഡോ. യൂജിനോ എഴുതിയത്.
എന്നാല്‍ ഇദ്ദേഹത്തിന്റെ ലേഖനത്തിനെതിരെ വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസ്താവന പുറപ്പെടുവിച്ചു. പരിശുദ്ധ പിതാവ് ഡോ. യുജീനോയുമായി സംസാരിച്ചതിനെ വിശ്വസനീയമായ തെളിവായി കാണാനാവില്ലെന്നും പാപ്പയുടെ വാക്കുകളെ സ്വതന്ത്രമായി വ്യാഖ്യാനിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിച്ചുകൊണ്ടു പാപ്പ സംസാരിച്ചു എന്ന മട്ടിലുള്ള അഭിപ്രായത്തെ വിശ്വസിക്കരുതെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപ്പയുമായി സംസാരിച്ചതില്‍ നിന്നാണ് ഡോ. സ്‌കാള്‍ഫാരി ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈശോ പ്രാര്‍ത്ഥിക്കുകയും ഗദ്‌തെസ്മനിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് ദൈവമായിരുന്നില്ല എന്ന് ഡോ. സ്‌കാള്‍ഫാരി സമര്‍ത്ഥിക്കുന്നത്. വ്യക്തിപരമായ തന്റെ അഭിപ്രായത്തെ സാധൂകരിക്കാനായി അദ്ദേഹം പാപ്പയെ കൂട്ടുപിടിക്കുകയാണ് ചെയ്തത്.
എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ച്ചയായി ക്രിസ്തുവിന്റെ ദൈവികതയെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയാണ്. ഇവാഞ്ചലി ഗാഡിയത്തില്‍ അദ്ദേഹം സംസാരിക്കുന്നത് ക്രിസ്തുവിന്റെ ദൈവികമായ ജീവിതത്തെക്കുറിച്ചാണ്. 2013 ഡിസംബര്‍ 24 ന് നല്കിയ ഹോമിലിയില്‍ ക്രിസ്തുവിനെ യഥാര്‍ത്ഥമനുഷ്യനും യഥാര്‍ത്ഥ ദൈവവും എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇതിനു മുമ്പും ഡോ.സ്‌കാള്‍ഫാരി പാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചിട്ടുണ്ട്. നരകത്തിന്റെ അസ്തിത്വം ഫ്രാന്‍സിസ് മാര്‍പാപ്പ നിഷേധിക്കുന്നു എന്നതായിരുന്നു അത്. ഈ പ്രസ്താവനയെയും വത്തിക്കാന്‍ നിഷേധിച്ചിരുന്നു.