മാഡ്രിഡ്: ലെയോ പതിനാലാമന്‍ പാപ്പ ലൈംഗികപീഡനത്തിന്റെ ഇരകളുമായി കൂടിക്കാഴ്ച നടത്തി. വൈദികരുടെ ലൈംഗികപീഡനത്തിന് ഇരകളായ ആറുപേരുമായിട്ടാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. സ്‌പെയ്ന്‍ അപ്പസ്‌തോലികപര്യടനത്തിന്റെ മൂന്നാം ദിവസമായിരുന്നു കൂടിക്കാഴ്ച. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇരകള്‍ തങ്ങളുടെ ‘വേദനാജനകമായ വ്യക്തിപരമായ അനുഭവങ്ങള്‍’ പാപ്പായുമായി പങ്കുവെച്ചു.
ഓരോരുത്തരും ‘ഇത്തരം ദാരുണമായ കേസുകളില്‍ സഭയുടെ പ്രതികരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി. വാത്സല്യത്തോടെയും ശ്രദ്ധയോടെയും പാപ്പ അവരെ ശ്രവിച്ചുവെന്നും തന്റെയും മുഴുവന്‍ സഭാസമൂഹത്തിന്റെയും സാമീപ്യം അവര്‍ക്ക് ഉറപ്പുനല്കുകയും ചെയ്തുവെന്നും ഇതുസംബന്ധിച്ച പത്രക്കുറിപ്പ് വ്യക്തമാക്കി. ഇരകള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഭാവിശ്രമങ്ങള്‍ക്ക് ഒരു അടിത്തറയായി വര്‍ത്തിക്കുമെന്ന് കരുതുന്നതായും അങ്ങനെ പരിക്കേറ്റവര്‍ക്ക് ആശ്വാസവും രോഗസൗഖ്യവും നല്കാന്‍ സഭയ്ക്കുകഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പാപ്പ വെളിപ്പെടുത്തി.
മുറിവേറ്റ ഓരോ വ്യക്തിക്കും ആത്മാര്‍ത്ഥമായ ശ്രവണം, സ്വാഗതം, സംരക്ഷണം, രോഗശാന്തിക്കുള്ള യഥാര്‍ത്ഥ വഴികള്‍ എന്നിവ കണ്ടെത്താന്‍ കഴിയണം. മാര്‍പാപ്പ പറഞ്ഞു. ലെയോ പാപ്പയുടെ സ്‌പെയ്ന്‍ യാത്ര പന്ത്രണ്ടാം തീയതി അവസാനിക്കും.