ഹെയ്ത്തി: രാജ്യത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ കൊള്ളസംഘങ്ങള്‍ സഭയെ ലക്ഷ്യം വയ്ക്കുന്നതായി ഹെയ്ത്തിയിലെ ജെറേമി രൂപതയിലെ ബിഷപ് ജോസഫ് ഗോണ്ട്രാന്ഡ്. ക്രിമിനല്‍ സംഘങ്ങള്‍ സഭയെ ലക്ഷ്യമിട്ടുപ്രവര്ത്തിക്കുകയാണ് സ്കൂളുകളും ദേവാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. .
സഭ എന്നത് ‘ധാര്‍മ്മികവും നൈതികവും ആത്മീയവും പ്രവാചകപരവുമായ അവസാനത്തെ പ്രതിരോധക്കോട്ടയാണ്’.’അതുകൊണ്ടാണ് അവര്‍ ഞങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നത്. ബിഷപ് പറഞ്ഞു.
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ വ്യാപകമായ അക്രമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സഭയ്ക്ക് ഇപ്പോഴും പ്രത്യാശയുണ്ടെന്നും അന്താരാഷ്ട്ര കത്തോലിക്കാ സഹായ സംഘടനയായ ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് ബിഷപ് പറഞ്ഞു. ‘ഞങ്ങളുടെ തല വെട്ടിമാറ്റാത്ത കാലത്തോളം, തൊപ്പി ധരിക്കാനുള്ള പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.’ അതുകൊണ്ടാണ് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷ കൈവിടാത്തത്.’ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സഹായം എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.’നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് വലിയൊരു താങ്ങാണ്; അവയില്ലെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.’
രാജ്യത്ത് ഗുണ്ടാ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്; തലസ്ഥാന നഗരത്തിന്റെ 70 മുതല്‍ 90 ശതമാനം വരെ ഭാഗങ്ങള്‍ ഇപ്പോള്‍ സായുധ ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. അക്രമങ്ങള്‍ക്കിടയില്‍, പോര്ട്ട്ഓപ്രിന്സിലെ 40 ഇടവകകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന്ിട്ടുണ്ട്. സ്കൂളുകള്‍ക്കും മതപരമായ സ്ഥാപനങ്ങള്‍ക്കും നേരെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതും അഗ്നിക്കിരയാക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്തിരിക്കുകയാണ്.