spot_imgspot_imgspot_imgspot_img

മാർത്തോമാ പൈതൃകത്തിന്റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം .പത്ത് വർഷങ്ങൾ പിന്നിട്ട്  ഗ്രേറ്റ് ബ്രിട്ടൻ രൂപത

മാർത്തോമാ പൈതൃകത്തിന്റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം .പത്ത് വർഷങ്ങൾ പിന്നിട്ട്  ഗ്രേറ്റ് ബ്രിട്ടൻ രൂപത

ഷൈമോൻ തോട്ടുങ്കൽ (പി ആർ ഓ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത )

ബർമിംഗ് ഹാം .കുടിയേറ്റത്തോടൊപ്പം , ജീവശ്വാസം പോലെ ബ്രിട്ടന്റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങൾക്കു തലമുറകളായി    പകർന്നുകിട്ടിയ വിശ്വാസത്തിന്റെ തിരിനാളം അണയാതെ  കാത്തുസൂക്ഷിച്ചും  അതിന്റെ വെളിച്ചം  വരുംതലമുറകളിലേക്ക്  പകർന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വർഷങ്ങൾ പിന്നിടുന്നു . ദൈവപരിപാലനവും സമർപ്പിതമായ അജപാലനശുശ്രൂഷയും അൽമായരുടെ സജീവ പങ്കാളിത്തവും ചേർന്നെഴുതിയ ഈ ദശവത്സരചരിത്രം, ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിൽ സീറോമലബാർ സമൂഹം കൈവരിച്ച വളർച്ചയുടെ സാക്ഷ്യമാണ്. എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളർന്ന രൂപത, മാർത്തോമാശ്ലീഹായിൽനിന്നു പകർന്നുകിട്ടിയ പൈതൃകത്തിൽ  വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടുവയ്ക്കുകയാണ്.

ചരിത്രത്തിൽ ഇടം നേടിയ തുടക്കം

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളിൽ  വിശുദ്ധ കുർബാന സെന്ററുകൾ ആയി  വളർന്നുകൊണ്ടിരുന്ന സീറോമലബാർ സമൂഹത്തിന്റെ ആരാധനാക്രമപരവും ദൈവശാസ്ത്രപരവും ആധ്യാത്മികവും ശിക്ഷണക്രമപരവും സാംസ്കാരികവും  എന്നിവയിലൂന്നിയ അജപാലനപരവുമായ ആവശ്യങ്ങൾ പരിഗണിച്ച്, 2016 ജൂലൈ 16-ന്  ആണ്  ഫ്രാൻസിസ് മാർപാപ്പ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിച്ചത് . ജൂലൈ 28-ന് ഈ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നതോടെ, പ്രവാസഭൂമിയിൽ വിശ്വാസത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിൽ പടർത്താനും പൈതൃകത്തിന്റെ വെളിച്ചം വരുംതലമുറകളിലേക്ക് കൈമാറാനും സ്വന്തമായൊരു അജപാലനസംവിധാനം ലഭിച്ചതിന്റെ സന്തോഷവും പ്രത്യാശയും വിശ്വാസിസമൂഹമാകെ നിറഞ്ഞു. അന്യദേശത്തിന്റെ മണ്ണിൽ സ്വന്തം സഭയുടെ ആത്മീയത്തണലിൽ ഒന്നിച്ചുനിൽക്കാനുള്ള സ്വപ്നത്തിന് അങ്ങനെ പുതിയൊരു ചിറകുമുളച്ചു.ഒരു രൂപതയുടെ പിറവി എന്നത് കേവലം ഭരണപരമായ ഒരു സംവിധാനത്തിന്റെ രൂപീകരണമല്ല; അത് ഒരു ജനതയുടെ വിശ്വാസത്തിനും പൈതൃകത്തിനും കൂട്ടായ്മയ്ക്കും ലഭിക്കുന്ന ആത്മീയമായ അടയാളമാണ്. ഈ അർത്ഥത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ സ്ഥാപനം ചരിത്രത്തിന്റെ ഒരു തീയതിയിൽ ഒതുങ്ങിനിൽക്കുന്ന സംഭവമായിരുന്നില്ല. മറിച്ച്, പ്രവാസത്തിന്റെ വഴികളിലൂടെ വിശ്വാസം കാത്തുസൂക്ഷിച്ച ഒരു ജനതയുടെ പ്രാർഥനകൾക്ക് ലഭിച്ച ഉത്തരവും, വരുംതലമുറകളുടെ ആത്മീയയാത്രയ്ക്ക് തെളിയിക്കപ്പെട്ട ദീപവുമായിരുന്നു അത്.

ആ ചരിത്ര മുഹൂർത്തം യാഥാർഥ്യമായത് 2016 ഒക്ടോബർ 9-നായിരുന്നു. പ്രെസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയം അന്ന് വിശ്വാസത്തിന്റെ മഹാസംഗമവേദിയായി മാറി. പതിനായിരത്തിലധികം വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സീറോമലബാർ മെത്രാന്മാരും യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വൈദികരും സന്യസ്തരും അൽമായവിശ്വാസികളും ഒരേ വിശ്വാസത്തിന്റെ ചൈതന്യത്തിൽ ഒത്തുചേർന്നു. ദേശങ്ങളുടെയും ഭാഷകളുടെയും ദൂരങ്ങൾ മറന്ന്, പ്രാർഥനയുടെ ഒരേ ചൈതന്യത്തിൽ  ഹൃദയങ്ങൾ ഒന്നിച്ചപ്പോൾ, ആ വേദി ഒരു രൂപതയുടെ ഉദ്ഘാടനസ്ഥലമെന്നതിലുപരി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാർ സഭയുടെ വിശ്വാസയാത്രയിലെ അവിസ്മരണീയ നാഴികക്കല്ലായി മാറി. ആകാശത്തോളം ഉയർന്ന പ്രതീക്ഷകളും ഹൃദയങ്ങളിൽ നിറഞ്ഞ കൃതജ്ഞതയും പ്രാർഥനകളിൽ അലിഞ്ഞുചേർന്നപ്പോൾ, ഒരു പുതിയ രൂപതാ  സംവിധാനത്തിന്റെ പിറവിക്ക് കാലം സാക്ഷ്യം വഹിച്ചു.

ആ മഹനീയ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് സീറോമലബാർ സഭയുടെ തലവനും പിതാവുമായിരുന്ന  മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു. അദ്ദേഹത്തിന്റെ കൈവെയ്പ്പിലൂടെ  രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേകം സ്വീകരിക്കുകയും രൂപതയുടെ അധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. “സുവിശേഷകന്റെ ജോലി ചെയ്യുക ” എന്ന ആപ്ത വാക്യം തിരഞ്ഞെടുത്ത മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും പുതിയ തലമുറകളിലേക്ക് അതിന്റെ വെളിച്ചം പകരാനും, ദേശത്തിന്റെ അതിരുകൾക്കപ്പുറം സുവിശേഷത്തിന്റെ സന്ദേശം ജീവസ്സുറ്റതാക്കാനുമുള്ള  മഹത്തായ ദൗത്യമാണ് ആ നിമിഷത്തിൽ ഏറ്റെടുത്തത് . മെത്രാഭിഷേകത്തിന്റെ പവിത്രതയും സ്ഥാനാരോഹണത്തിന്റെ ഗൗരവവും ഒത്തുചേർന്ന ആ ചരിത്രമുഹൂർത്തം, ഒരു ഇടയന്റെ നിയോഗം മാത്രമായിരുന്നില്ല; മറിച്ച്, പ്രവാസത്തിന്റെ മണ്ണിൽ വിശ്വാസത്തിന്റെ ഭവനം പണിയാൻ ഒരുമിച്ചുനിന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ആ നിമിഷം മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയുടെ അജപാലനയാത്രയ്ക്ക് നേതൃത്വം നൽകുന്ന ഇടയനായി, വിശ്വാസികളുടെ പ്രതീക്ഷകളും പ്രാർഥനകളും ഹൃദയത്തിൽ ഏറ്റുവാങ്ങി പുതിയ ദൗത്യത്തിലേക്ക് പ്രവേശിച്ചു.ഈ ചരിത്രദിനത്തിന് ആത്മീയമായ പൂർണത പകരുന്ന വിധത്തിൽ, അതിന്റെ തലേദിവസം പ്രെസ്റ്റണിലെ സെന്റ് അൽഫോൻസ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ആശീർവാദവും നടന്നു.എന്നാൽ, ഈ മഹത്തായ ചരിത്രത്തിന്റെ അടിത്തറ ഉദ്ഘാടനവേദിയിൽ മാത്രമായിരുന്നില്ല; വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതവും പ്രതീക്ഷകളും അടുത്തറിയുന്ന അജപാലനശുശ്രൂഷയിലൂടെയും അത് ശക്തിപ്പെട്ടു. മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും മുമ്പുതന്നെ മാർ ജോസഫ് സ്രാമ്പിക്കൽ പതിനഞ്ചു ദിവസം നീണ്ട അജപാലനസന്ദർശനത്തിലൂടെ അബർഡീൻ മുതൽ എക്സിറ്റർ വരെയുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സന്ദർശിച്ചു. വിശ്വാസികളോടും വൈദികരോടും സംവദിച്ച അദ്ദേഹം, അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുകയും സഭയുടെ വളർച്ചയ്ക്കായി ഒരുമിച്ച് മുന്നേറാനുള്ള വഴികൾ തേടുകയും ചെയ്തു.  തദ്ദേശീയ മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും മെത്രാഭിഷേകശുശ്രൂഷയിലേക്ക് ക്ഷണിച്ചുകൊണ്ട്, ഈ ചരിത്രമുഹൂർത്തത്തെ സഭൈക്യത്തിന്റെ ആഘോഷമാക്കാനും അദ്ദേഹം പരിശ്രമിച്ചു.

തദ്ദേശ്ശീയ  രൂപതകളിലെ മെത്രാന്മാരുമായും വൈദികരുമായും നടത്തിയ കൂടിക്കാഴ്ചകൾ പരസ്പരസഹകരണത്തിന്റെയും ഐക്യത്തിന്റെയും പുതിയ വാതിലുകൾ തുറന്നു. ആരാധനാക്രമങ്ങളിലും സംസ്കാരത്തിലും  വ്യത്യാസങ്ങളുണ്ടെങ്കിലും, മിശിഹായിലുള്ള  ഒരേ വിശ്വാസം എല്ലാവരെയും ഒന്നിപ്പിക്കുന്നു എന്ന സത്യം ഈ ബന്ധങ്ങളിലൂടെ കൂടുതൽ തെളിഞ്ഞു. അങ്ങനെ, രൂപതയുടെ തുടക്കം ഒരു പുതിയ ഭരണസംവിധാനത്തിന്റെ പിറവി മാത്രമല്ലാതെ, ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും വിശ്വാസബന്ധങ്ങളെ ദൃഢമാക്കുകയും സഭൈക്യത്തിന് പുതിയ ചൈതന്യം പകരുകയും ചെയ്ത ആത്മീയ മുന്നേറ്റമായി മാറി.രൂപതയുടെ ഉദ്ഘാടനത്തിനു പിന്നാലെ കൂരിയ രൂപീകരിക്കപ്പെട്ടതോടെ അജപാലനദൗത്യത്തിന് ആവശ്യമായ ഭരണസംവിധാനത്തിനും അടിത്തറയായി.

സംഘടിത വളർച്ചയ്ക്ക് ഉറച്ച അടിത്തറ

2017 ജൂൺ 22-ന് ചാരിറ്റി കമ്മീഷനിൽ C I O ആയി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതോടെ രൂപതയുടെ സംഘടനാസംവിധാനം കൂടുതൽ ശക്തമായി. അജപാലനപരവും സാമ്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങൾ സുതാര്യതയോടും ഉത്തരവാദിത്വബോധത്തോടും കൂടി നിർവഹിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഇതിലൂടെ രൂപപ്പെട്ടത്. പിന്നാലെ പ്രെസ്റ്റണിൽ രൂപതയുടെ മൈനർ സെമിനാരിയും ഉദ്ഘാടനം ചെയ്യപ്പെട്ടു.

അക്കാലത്ത് ഗ്രേറ്റ് ബ്രിട്ടനിലുടനീളം പ്രവർത്തിച്ചിരുന്ന 173 വിശുദ്ധ കുർബാന കേന്ദ്രങ്ങളെ ഇടവകകൾ, മിഷനുകൾ, നിർദിഷ്ട മിഷനുകൾ എന്നിങ്ങനെ ക്രമീകരിച്ചു. 2018 മാർച്ച് 19-ലെ മെത്രാന്റെ സർക്കുലറിലൂടെ രൂപത എട്ട് റീജിയണുകളായി  ക്രമീകരിക്കപ്പെട്ടു .ചിതറിക്കിടന്നിരുന്ന വിശ്വാസിസമൂഹങ്ങളെ ഏകോപിതമായ അജപാലനസംവിധാനത്തിലേക്ക് ചേർത്തുനിർത്തിയ നിർണായക നടപടിയായിരുന്നു ഇത്.

2018 മേയ് 12-ന് ലിവർപൂളിൽ സ്വന്തമായി ദേവാലയമുള്ള  രൂപതയുടെ ആദ്യ ഇടവകയുടെ ആശീർവാദം നടന്നു. പ്രവാസത്തിലെ വിശ്വാസിസമൂഹം കൂടുതൽ സ്ഥിരതയുള്ള സഭാജീവിതത്തിലേക്ക് വളരുന്നതിന്റെ ശ്രദ്ധേയമായ അടയാളമായി ഈ നേട്ടം മാറി.

ദിശാബോധം നൽകിയ പഞ്ചവത്സര അജപാലന  പദ്ധതികൾ

ദീർഘവീക്ഷണമുള്ള അജപാലന ആസൂത്രണമാണ് രൂപതയുടെ ആദ്യ ദശകത്തെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 2017 മുതൽ 2022 വരെയുള്ള ആദ്യ പഞ്ചവത്സര അജപാലന  പദ്ധതി, ‘സജീവ ശിലകൾ  എന്ന പേരിൽ 2017 നവംബർ 26-ന് ആരംഭിച്ചു. രൂപതാസംവിധാനങ്ങൾ പടുത്തുയർത്തുക, വിശ്വാസപരിശീലനം ശക്തിപ്പെടുത്തുക, വിശ്വാസികൾക്കിടയിൽ ഏകീകൃതമായ സഭാബോധം വളർത്തുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ വർഷം, യുവജനങ്ങളുടെ വർഷം, കുടുംബങ്ങളുടെ വർഷം, കുടുംബകൂട്ടായ്മകളുടെ വർഷം, ഇടവകകളുടെ വർഷം എന്നിങ്ങനെയാണ് അഞ്ചു വർഷങ്ങൾ സമർപ്പിക്കപ്പെട്ടത്.

2022 നവംബർ 27-ന് ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി 2027 വരെയുള്ള കാലയളവിലേക്കുള്ളതാണ്. ‘പരിശുദ്ധൻ പരിശുദ്ധർക്ക് ’ എന്ന പ്രമേയത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, സീറോ മലബാർ സഭയുടെ പൈതൃകത്തിലുള്ള ആഴപ്പെടലിനും പരിശീലനപരിപാടികളുടെ വിപുലീകരണത്തിനും അൽമായ നേതൃത്വത്തിന്റെ ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്നു. കത്തോലിക്കാ കൂട്ടായ്മയ്ക്കുള്ളിലെ ഒരു സ്വയംഭരണാധികാരമുള്ള വ്യക്തിസഭയുടെ സ്വത്വം വ്യക്തമാക്കുന്ന ആരാധനാക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം , സംസ്കാരം എന്നീ അഞ്ചു സവിശേഷതകൾക്കാണ് പദ്ധതിയിലെ ഓരോ വർഷവും സമർപ്പിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വാർഷിക ‘ഉർഹ’ കുടുംബ ക്വിസ്, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സഭയെക്കുറിച്ചും സഭയുടെ പഠനങ്ങളെക്കുറിച്ചും ആഴത്തിൽ  പഠിക്കുന്നതിനുള്ള സജീവ വേദിയായി മാറി. സീറോമലബാർ സഭയുടെ സമ്പന്നമായ പൗരസ്ത്യ സുറിയാനി പൈതൃകത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഈ ക്വിസ് മത്സരം , അതാത് വർഷത്തെ  പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുന്നത്. വിശ്വാസവും ചരിത്രവും പാരമ്പര്യങ്ങളും ക്രമബദ്ധവും ആകർഷകവുമായ രീതിയിൽ പഠിക്കാൻ ഇത് കുടുംബങ്ങൾക്ക് അവസരമൊരുക്കുന്നു.

ക്വിസിനായി തയ്യാറാക്കുന്ന പഠനസാമഗ്രികൾ ദീർഘകാലപ്രയോജനമുള്ള വിജ്ഞാനശേഖരമായും വളരുകയാണ്. ആർക്കും എപ്പോഴും പ്രയോജനപ്പെടുത്താവുന്ന ഈ പഠനവിഭവങ്ങൾ, കുടുംബപഠനത്തെ സമ്പന്നമാക്കുന്നതിനൊപ്പം രൂപതയുടെ ഭാവിയിലെ സഭാത്മക പരിശീലനത്തിനും മുതൽക്കൂട്ടാകുന്നു. ഇരു പഞ്ചവത്സര പദ്ധതികളും രൂപതയുടെ വളർച്ചയ്ക്ക് വ്യക്തമായ ലക്ഷ്യബോധവും ദിശയും നൽകിയിട്ടുണ്ട്.

2017 നവംബറിലും 2022 മേയിലും നടന്ന മൂന്നു ദിവസങ്ങളിലായി നടന്ന രണ്ടു പ്രധാന രൂപതാസമ്മേളനങ്ങളിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും ഒന്നിച്ചുകൂടി. രൂപതയുടെ ദൗത്യം വിലയിരുത്താനും പ്രവർത്തനപുരോഗതി പരിശോധിക്കാനും ഭാവിയുടെ വഴികൾ വിവേചിച്ചറിയാനും ഈ സമ്മേളനങ്ങൾ അവസരമൊരുക്കി. രൂപതയുടെ അജപാലന മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ ഇവ നിർണായക പങ്കുവഹിച്ചു.

രൂപതയിൽ നടക്കുന്ന വിശ്വാസികളിലെത്തിക്കുന്നതിനായി 2021-ൽ ‘ദനഹ’ പ്രതിവാര വാർത്താബുള്ളറ്റിനും ആരംഭിച്ചു. രൂപതാവാർത്തകളും അറിയിപ്പുകളും ഒരിടത്ത് ലഭ്യമാക്കുന്ന ആശയവിനിമയമാധ്യമമായി ഇത് പ്രവർത്തിക്കുന്നു.


പാസ്റ്ററൽ കൌൺസിൽ രൂപീകരണം 

ഫലപ്രദമായ അജപാലനനിർവഹണം ലക്ഷ്യമിട്ട് 2020 ഓഗസ്റ്റ് ഏഴിന് രൂപതയുടെ അഡ്‌ഹോക്  പാസ്റ്ററൽ കൗൺസിൽ രൂപീകരിച്ചു. അതിവേഗ വളർച്ചയുടെ ഘട്ടത്തിൽ ആവശ്യമായ കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കും ഈ സമിതി സഹായകമായി. തുടർന്ന് 2024 ഏപ്രിൽ 27-ന് പൂർണരൂപത്തിലുള്ള രൂപതാ പാസ്റ്ററൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. കൂട്ടായ നേതൃത്വത്തിനും അൽമായ പങ്കാളിത്തത്തിനും കൂടുതൽ ഉറപ്പുനൽകിയ നടപടിയായിരുന്നു ഇത്.

ഭരണപരവും അജപാലനപരവുമായ സംവിധാനങ്ങൾ പ്രാദേശികതലത്തിൽ ശക്തിപ്പെടുത്തുന്നതിനായി 2023 ഓഗസ്റ്റ് ഒമ്പതിലെ മെത്രാന്റെ സർക്കുലറിലൂടെ റീജിയണൽ കൗൺസിലുകളും സ്ഥാപിക്കപ്പെട്ടു.

ഇന്ന് 23 കമ്മീഷനുകളും ഏഴ് ഫോറങ്ങളും രൂപതയുടെ വിവിധ ശുശ്രൂഷകളെ മുന്നോട്ടുനയിക്കുന്നു. വിശ്വാസപരിശീലനം, ആരാധനാക്രമം, യുവജനശുശ്രൂഷ, കുടുംബപ്രേഷിതത്വം, സുവിശേഷവത്കരണം,  തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ, രൂപതയുടെ എല്ലാ വി ഭാഗങ്ങളിലേക്കും അജപാലനശുശ്രൂഷ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

സ്വന്തമായി ഒരു അജപാലന ഭവനം

രൂപതയുടെ അടിസ്ഥാനസൗകര്യവികസനത്തിലും അജപാലനവളർച്ചയിലും സുപ്രധാന നാഴികക്കല്ലായിരുന്നു ബർമിങ്ഹാമിലെ മേരിവെയിലിൽ മാർ യൗസേപ്പ് പാസ്റ്ററൽ ഹൗസ് സ്വന്തമാക്കിയത്. 2024 ജൂലൈ 25-ന് വാങ്ങിയ ഈ കേന്ദ്രം, അതേ വർഷം സെപ്റ്റംബർ 16-ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു.

വിശ്വാസരൂപീകരണം, ധ്യാനങ്ങൾ, പരിശീലനപരിപാടികൾ, ഭരണപരമായ ഏകോപനം എന്നിവയ്ക്കുള്ള കേന്ദ്രമായാണ് പാസ്റ്ററൽ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. രൂപതയ്ക്കു സ്വന്തമായൊരു അജപാലനഭവനം  ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്.

വിൻസെൻഷ്യൻ സഭയുടെ മേരിമാതാ പ്രൊവിൻസിന്റെ ഉദാരതയിലൂടെ  ഡാർലിങ്ടണിലെ കാർമൽ ഡിവൈൻ ധ്യാനകേന്ദ്രം 2026-ൽ രൂപതയുടെ ഭാഗമായി. വിശ്വാസികളുടെ ആത്മീയ വളർച്ചക്കും  മിശിഹായുമായുള്ള  വ്യക്തിപരമായ കണ്ടുമുട്ടലിലേക്ക് ഇനിയും കടന്നുവരേണ്ടവരെ സഹായിക്കുന്നതിനും ഈ കേന്ദ്രം വേദിയാകുന്നു. രൂപതയുടെ ആത്മീയശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യങ്ങളും സാധ്യതകളുമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനം

കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ ഗ്രേറ്റ് ബ്രിട്ടനിലെ സജീവമായ കത്തോലിക്കാ സമൂഹങ്ങളിലൊന്നായി രൂപത വളർന്നു. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധന പരിഗണിച്ച്, 2023 മാർച്ച് 31-ലെ മെത്രാന്റെ സർക്കുലറിലൂടെ എട്ട് റീജിയണുകൾ പന്ത്രണ്ടായി പുനഃക്രമീകരിച്ചു.

ഇന്ന് ഏഴ്  ഇടവകകളും 81മിഷനുകളും 29 നിർദിഷ്ട മിഷനുകളും രൂപതയ്ക്കുണ്ട്. എൺപതിനായിരത്തിലധികം വിശ്വാസികൾ ഉൾപ്പെടുന്ന ഈ സമൂഹങ്ങളിൽ 80 വൈദികർ  സേവനമനുഷ്ഠിക്കുന്നു. വിശുദ്ധ കുർബാനയും മറ്റു കൂദാശകളും വിശ്വാസപരിശീലനവും അജപാലനശുശ്രൂഷയും രൂപതയിലുടനീളം ലഭ്യമാക്കുന്നതിൽ ഇവരുടെ സേവനം നിർണായകമാണ്.

2026 മെയ്  രണ്ടിന്  മ്ശംശാന മൈക്കിൾ എന്ന ടോണി കൊച്ചേരി രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി വൈദിക പട്ടം  സ്വീകരിച്ചതും തുടർന്ന് സിസ്റ്റർ ക്രിസ്റ്റി മരിയ എസ്  എച്ച് രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി വൃത വാഗ്ദാനം സ്വീകരിച്ചതും രൂപതാചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. നിലവിൽ നാല് മേജർ സെമിനാരി വിദ്യാർഥികളും രണ്ടു മൈനർ സെമിനാരി വിദ്യാർഥികളും രൂപതയ്ക്കായി വൈദികപരിശീലനം നടത്തുന്നു.

എയ്ല്‍സ്‌ഫോർഡ്, വാൽസിങ്ഹാം എന്നീ മരിയൻ തീർഥാടന കേന്ദ്രങ്ങളിലേക്കും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മറ്റു തീർഥാടനകേന്ദ്രങ്ങളിലേക്കുമുള്ള വാർഷിക രൂപതാതീർഥാടനങ്ങൾ, മാർത്തോമാശ്ലീഹായിൽനിന്നു തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടെ ഭക്തസംഘടനകളും പ്രവർത്തിക്കുന്നു.

വരുംതലമുറയ്ക്കായി വിശ്വാസത്തിന്റെ വിത്തുകൾ

രൂപതയുടെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് വിശ്വാസപരിശീലനരംഗത്തെ വളർച്ച. 2,500-ലധികം സമർപ്പിതരായ  അധ്യാപകരുടെയും 20,000-ലധികം വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ മതബോധനശുശ്രൂഷ മുന്നേറുന്നു. വരുംതലമുറയെ വിശ്വാസത്തിൽ രൂപപ്പെടുത്താൻ അധ്യാപകരെ സജ്ജരാക്കുന്ന പരിശീലനപരിപാടിയും മാതൃകാപരമായി നടത്തപ്പെടുന്നു

രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വർഷംതോറും   വലിയ നോമ്പുകാലത്ത് നടത്തുന്ന ‘സുവാറ’ ബൈബിൾ ക്വിസിൽ ഈ വർഷം 2,500 പേർ പങ്കെടുത്തു. ദൈവവചനപഠനത്തെ വിശ്വാസികളുടെ ജീവിതത്തോട് കൂടുതൽ ചേർത്തുനിർത്തുന്ന സംരംഭമായി ഈ മത്സരം വളർന്നിരിക്കുന്നു.ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ബൈബിൾ കലോത്സവം, വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൈബൂസ വനിതാസംഗമം, യുവജനങ്ങൾക്കായി ഒരുക്കുന്ന ഹന്ദൂസാ യുവജനസംഗമം, ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗറൂത്ത ബാലസംഗമം, മറ്റ് കമ്മീഷനുകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിശീലനപരിപാടികൾ,   എല്ലാ മിഷനുകളിലും വലിയ  നോമ്പിൽ    നടത്തുന്ന ഗ്രാൻഡ് മിഷൻ വാർഷിക ധ്യാനം  എന്നിവ രൂപതയുടെ വിശ്വാസജീവിതത്തിന് കൂടുതൽ ചൈതന്യം പകരുന്നു.

സംഖ്യകൾക്കപ്പുറമുള്ള വളർച്ച

രൂപതയുടെ വളർച്ചയെ അംഗസംഖ്യയിലോ സ്ഥാപനങ്ങളുടെ എണ്ണത്തിലോ മാത്രം ഒതുക്കാനാവില്ല. വിശ്വാസത്തിലെ ആഴപ്പെടലും കൂട്ടായ്മയിലെ ഐക്യവും മാർത്തോമാ മാർഗത്തിന്റെ സ്വത്വബോധവും ഈ വളർച്ചയുടെ അന്തർധാരകളാണ്.

ആരാധനാക്രമജീവിതം, സുവിശേഷവത്കരണവും വിശ്വാസപരിശീലനവും, യുവജനസംരംഭങ്ങൾ, പ്രത്യേകിച്ച് ‘നുഹ്റ’ യുവജന ധ്യാനടീമുകൾ, സജീവമായ കുടുംബകൂട്ടായ്മകൾ, ബൈബിൾ അപ്പോസ്തലേറ്റ്, കുടുംബപ്രേഷിത ശുശ്രൂഷകൾ എന്നിവയിലൂടെ സീറോമലബാർ സഭയുടെ മാർത്തോമാ പൈതൃകം രൂപത പരിപോഷിപ്പിക്കുന്നു. അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിനും സജീവമായ സംഭാവനകൾ  നൽകുന്നു.

ഇംഗ്ലണ്ട് ആൻഡ് വെയിൽസിയിലെയും സ്കോട്ലൻഡിലെയും ക ത്തോലിക്കാ മെത്രാൻസമിതികളിൽ ഭാഗമായി പ്രവർത്തിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ, വിശാലമായ സഭാജീവിതത്തിലും ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണശ്രമങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നു.

രൂപതയുടെ വളർച്ചയിൽ അൽമായ നേതൃത്വത്തിന്റെ സംഭാവനയും അതുല്യമാണ്. എല്ലാ കമ്മീഷനുകളുടെയും ഫോറങ്ങളുടെയും പ്രവർത്തനങ്ങളിൽ പ്രധാന ചാലകശക്തിയായി അൽമായ നേതൃത്വം നിലകൊള്ളുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തും ശുശ്രൂഷകളിൽ പങ്കുചേർന്നും രൂപതയുടെ ദൗത്യത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച അൽമായർ, ഈ ദശവത്സരയാത്രയ്ക്ക് കരുത്തുപകർന്നു.

നന്ദിയോടെ പിന്നിലേക്ക് പ്രത്യാശയോടെ മുന്നിലേക്ക്

അനുഗ്രഹത്തിന്റെ  പത്തു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ദൈവം നടത്തിയ വഴികളിലേക്ക് നന്ദിയോടെയും മുന്നിലുള്ള ദൗത്യങ്ങളിലേക്ക് പുതുക്കിയ സമർപ്പണത്തോടെയുമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത നോക്കുന്നത്. 2016-ലെ  രൂപത സ്ഥാപനത്തിൽനിന്ന് ഇന്നത്തെ വളർച്ചയിലേക്കുള്ള യാത്ര ദൈവപരിപാലനയുടെയും  വൈദികരുടെയും , സമർപ്പിതരുടെയും സമർപ്പണത്തിന്റെയും അൽമായരുടെ സജീവ നേതൃത്വത്തിന്റെയും  വിശ്വാസികളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ്.

പുതിയ ദശകത്തിലേക്ക് പ്രവേശിക്കുന്ന രൂപതയുടെ മുന്നിൽ കൂടുതൽ വളർച്ചയുടെയും ആഴത്തിലുള്ള  സുവിശേഷവത്കരണത്തിന്റെയും സാധ്യതകൾ തുറന്നുകിടക്കുന്നു. പൈതൃകത്തിന്റെ വേരുകളിൽ ഉറച്ചുനിന്ന്, ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിൽ  സുവിശേഷത്തിന്റെ വെളിച്ചം കൂടുതൽ തെളിമയോടെ പകരാനുള്ള പ്രതിജ്ഞയോടെയാണ് ഈ വിശ്വാസസമൂഹം യാത്ര തുടരുന്നത്.

തയ്യാറാക്കിയത് .ഷൈമോൻ തോട്ടുങ്കൽ (പി ആർ ഓ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത )

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates