കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട എക്യുമെനിക്കൽ സംഗമം ക്രൈസ്തവ സഭകളുടെ കൂട്ടായ്മ വേദിയായി. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട സുവർണ്ണ ജൂബിലി എക്യുമെനിക്കൽ സംഗമത്തോട് ചേർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനം, എക്യുമെനിക്കൽ കമ്മറ്റി സമ്മേളനം എന്നിവയും നടത്തപ്പെട്ടു.
ശ്ലൈഹിക പിന്തുടർച്ചയുള്ള വിവിധ സഭകൾ ചേർന്ന് പള്ളി നിർമ്മിച്ച് ദൈവാരാധന നടത്തുന്ന പ്രഥമ എക്യുമെനിക്കൽ പള്ളിയായ നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയുടെയും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെയും രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും അതുല്യമായ പങ്ക് സ്നേഹപൂർവ്വം അനുസ്മരിക്കുന്നതായി നിലയ്ക്കൽ ട്രസ്റ്റ് പ്രസിഡന്റും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ മോസ്റ്റ് റവ. ഡോ. തെയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ക്രൈസ്തവ സഭകൾക്കും നാടിനും നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന, സാമൂഹ്യ സേവന, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അനേകർക്ക് മാർഗ്ഗദീപമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷൻമാരുടെ സംഗമത്തിന് വേദിയാകുവാൻ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് സാധിച്ചത് കൃതജ്ഞതാപൂർവം സ്മരിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. കൂട്ടായ്മയിലും ഐക്യത്തിലും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവം നടത്തിയ ക്രമീകരണമാണ് സംഗമം എന്നും മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു.
മലങ്കര മാർത്തോമ്മ സുറിയാനി സഭാധ്യക്ഷനും ട്രസ്റ്റ് പ്രസിഡന്റുമായ മോസ്റ്റ് റവ. ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, വൈസ് പ്രസിഡണ്ടും സീറോ മലങ്കര പത്തനംതിട്ട രൂപതാധ്യക്ഷനുമായ സാമുവൽ മാർ ഐറേനിയോസ്, സെക്രട്ടറി സി.എസ്.ഐ. മധ്യകേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ,സീറോ മലബാർ എക്യുമെനിക്കൽ സിനഡൽ കമ്മീഷൻ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്,കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, പുനലൂർ രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ,കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, സീറോ മലബാർ എക്യുമെനിക്കൽ സിനഡൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൾ തയ്യിൽ, നിലയ്ക്കൽ ട്രസ്റ്റ് ട്രഷറർ അഡ്വ. സുരേഷ് കോശി, അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു, വൈദിക – അത്മായ പ്രതിനിധികൾ എന്നിവർ പങ്കുചേർന്ന സമ്മേളന ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ഷെവ. അഡ്വ വി.സി. സെബാസ്റ്റ്യൻ, ജോർജ് ജെ മാത്യു എക്സ് എം പി,കെ.സി. ഡൊമിനിക് കരിപ്പാപറമ്പിൽ എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരായ മോസ്റ്റ് റവ. ഡോ. തെയ ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മോസ്റ്റ് റവ.ഡോ. സാമുവൽ മാർ ഐറേനിയോസ്, റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ,മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത,റൈറ്റ് റവ.ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ, ഗീവർഗീസ് മാർ അപ്രേം എന്നിവർക്കൊപ്പം എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കെടുത്ത വൈദിക – അത്മായ പ്രതിനിധികൾ