ടെക്‌സാസ്: ഹോറിസോണ്‍ ഹോളി സ്പിരിറ്റ് ഇടവക ദേവാലയത്തില്‍ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തി മോഷണം പോയി. തിങ്കളാഴ്ച വെളുപ്പിനാണ് സക്രാരി തകര്‍ത്ത് തിരുവോസ്തി മോഷണം പോയതെന്ന് ഇത് സംബന്ധിച്ചു പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ വികാരി ഫാ. ജോസ് മോറെലെസ് അറിയിച്ചു.
ദേവാലയത്തില്‍ നിന്ന് പണവും അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും വലിയ നഷ്ടം വന്നിരിക്കുന്നത് തിരുവോസ്തി മോഷണം പോയതാണെന്നും അതിന് വില നിശ്ചയിക്കാനാവില്ലെന്നും അച്ചന്‍ പറയുന്നു. കത്തോലിക്കാസഭയുടെ വിശ്വാസം തിരുവോസ്തിയില്‍ ഈശോയുണ്ടെന്നാണല്ലോ? വിശ്വാസികളോട് ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എന്തുകാരണം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നോ ഇതിന്റെ ലക്ഷ്യം എന്താണെന്നോ അറിയില്ല. എങ്കിലും ദൈവം അയാള്‍ക്ക് പശ്ചാത്താപവും മാനസാന്തരവും നല്കുമെന്നും മോഷ്ടാവ് അപഹരിച്ച തിരുവോസ്തിതിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിന് നമുക്ക് ഗ്വാഡലൂപ്പെ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാമെന്നും അച്ചന്‍ പറയുന്നു.