കുഴിക്കാട്ടുശ്ശേരി: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16 ശനിയാഴ്ച മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കൃതജ്ഞതാബലിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബവ വചനസന്ദേശം നല്കും. നുറിലധികം മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മ്മികരാകും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. അപ്പസ്‌തോലിക്‌ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ. ദ്വിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഹോളിഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന അഞ്ചുകോടി രൂപയുടെ കാരുണ്യപദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതയും വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാന് കുടുംബവും നേതൃത്വം നല്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അന്ന് നടക്കും.
മുപ്പതിനായിരത്തോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.