വത്തിക്കാന്‍ സിറ്റി: പ്രശ്‌നം പരിഹരിക്കാനുള്ള നിയമപരമായ വഴിയല്ല അബോര്‍ഷന്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏറ്റവും തീവ്രവും വേദനാകരവുമായ അവസ്ഥകളില്‍ പോലും അത് ഒരു പരിഹാരമല്ല. സ്പാനീഷ് ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ജീവന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് സംസാരിച്ചത്.
ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭിണിയാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള പ്രതികരണമായിട്ടായിരുന്നു പാപ്പായുടെ മറുപടി. അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ഒരു പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഒരു മനുഷ്യജീവനെ നിയമം വഴി ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല.
പ്രവണതകള്‍ ഒരിക്കലും തെറ്റല്ല, പാപം എന്നത് ഒരു പ്രവൃത്തിയാണ്, ചിന്തകൊണ്ടും വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും സ്വാതന്ത്ര്യത്തോടെ ചെയ്യുന്ന പ്രവൃത്തി. നിങ്ങള്‍ക്ക് കോപപ്രവണതയുണ്ടെങ്കില്‍ അതൊരിക്കലും പാപമല്ല. എന്നാല്‍ നിങ്ങള്‍ക്ക് കോപമുണ്ടായിരിക്കുകയും അത് മറ്റൊരാളെ മുറിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ പാപമായിരിക്കുകയും ചെയ്യും. പാപ്പ വ്യക്തമാക്കി.