Wednesday, February 5, 2025
spot_img
More

    പത്തുമക്കളുടെ മാതാപിതാക്കളായ ഈ ദമ്പതികള്‍ വിശുദ്ധ പദവിയിലേക്ക്…


    റുവാണ്ട: നിരീശ്വരവാദവും അടിയുറച്ച കത്തോലിക്കാവിശ്വാസവും തമ്മില്‍ ചേര്‍ന്നുകിടക്കുന്ന ജീവിതമാണ് റൂവാണ്ടയില്‍ വംശഹത്യയില്‍ മക്കളോടൊപ്പം കൊല്ലപ്പെട്ട സിപ്രിയന്റെയും ഡാഫ്രോസിന്റെയും. വിവാഹവും അതിലെ പ്രതിബന്ധങ്ങളും ശക്തമായ മാനസാന്തരവും ജീവിതത്തെ മുഴുവന്‍ മാറ്റിമറിച്ചതുമായ ജീവിതകഥയാണ് ഇവരുടേത്.

    റുവാണ്ടയില്‍ വംശഹത്യ ആരംഭിച്ച 1994 ല്‍ ആണ് ഈ ദമ്പതികള്‍ കൊല്ലപ്പെട്ടത്. ഇന്ന് ഈ ദമ്പതികളുടെ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചിരിക്കുകയാണ്.

    ദിവ്യകാരുണ്യാരാധന, സുവിശേഷവല്ക്കരണം, ദീനാനുകമ്പ എന്നിവയ്ക്കായി ഈ ദമ്പതികള്‍ ആരംഭിച്ച ഇമ്മാനുവല്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളും ജീവിതം മുഴുവന്‍ ക്രിസ്തുവിശ്വാസത്തിന് വേണ്ടി സമര്‍പ്പിച്ചതിലെ പ്രതിബദ്ധതയുമാണ് ഇവരുടെ നാമകരണം ആരംഭിക്കാന്‍ സഭാധികാരികളെ പ്രേരിപ്പിച്ചിരിക്കുന്നത്.

    ഈ ദമ്പതികളുടെ ജീവിതകഥ ഇങ്ങനെയാണ്.

    ചെറുപ്രായത്തില്‍ സെമിനാരിയില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു സിപ്രിയന്‍. എന്നാല്‍ വിശ്വാസജീവിതത്തിന് ഏറെ പ്രതിസന്ധികള്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. സഭ വിമര്‍ശനങ്ങള്‍ക്ക് ഏറെ വിധേയമായ സമയം. അങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് സിപ്രിയന്‍ സെമിനാരി വിട്ടു.ക്രമേണ വിശ്വാസജീവിതത്തില്‍ നിന്ന് പോലും അകലുകയും ചെയ്തു. ഈ സമയത്ത് എഴുത്ത്, വര, സംഗീതം തുടങ്ങിയ കാര്യങ്ങളിലാണ് സിപ്രിയന്‍ ശ്രദ്ധപതിപ്പിച്ചത്.

    1963 ല്‍ സിപ്രിയന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു. ഭാവിവധു അന്നാണ് കൊല്ലപ്പെട്ടത്. വൈകാതെ ഡാഫ്രോഴ്‌സിനെ വിവാഹം കഴിക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊണ്ടു. ഡാഫ്രോഴ്‌സ് ഉത്തമ കത്തോലിക്കാവിശ്വാസം കൈമുതലായുള്ള പെണ്‍കുട്ടിയായിരുന്നു.

    1965 ല്‍ ഇരുവരും വിവാഹിതരായി. പക്ഷേ വൈകാതെ അസ്വാരസ്യം ഉടലെടുത്തു. എട്ടുമാസത്തോളം വേര്‍പിരിഞ്ഞുജീവിച്ചതിന് ശേഷം വീണ്ടും ഒന്നായി ആ ദമ്പതികള്‍. ഭാര്യയുടെ വിശ്വാസജീവിതവും പ്രാര്‍ത്ഥനയും സിപ്രിയന് ഒട്ടും ദഹിക്കുന്ന കാര്യങ്ങളായിരുന്നില്ല. ദാമ്പത്യജീവിതത്തില്‍ സിപ്രിയന്‍ പലപ്പോഴും അവിശ്വസ്തനുമായിരുന്നു.

    പക്ഷേ ഡാഫ്രോഴ്‌സ് അപ്പോഴെല്ലാം പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്തി. ഭര്‍ത്താവിന്റെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു അവള്‍. ആ ദമ്പതികള്‍ക്ക് 10 മക്കള്‍ ജനിക്കുകയും ചെയ്തു. മക്കളെവിശ്വാസത്തിലാണ് അമ്മ വളര്‍ത്തിക്കൊണ്ടുവന്നത്.

    1982 ല്‍ സിപ്രിയന്‍ ഗുരുതരമായ രോഗത്തിന് അടിമയമായി. മരണം തൊട്ടടുത്തെത്തി. ആ നിമിഷങ്ങളില്‍ സിപ്രിയന്‍ ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു. ഭാര്യയുടെ പ്രാര്‍ത്ഥനയും വിശ്വാസവുമാണ് തന്റെ മാനസാന്തരത്തിനും പുതുജീവിതത്തിനും കാരണമായതെന്ന് സിപ്രിയന് അറിയാമായിരുന്നു.

    17 വര്‍ഷത്തെ വിവാഹജീവിതത്തിന്റെ പ്രതിബന്ധങ്ങള്‍ മാറി ക്രമേണ ആ ദമ്പതികള്‍ ഉത്തമ കത്തോലിക്കാജീവിതം നയിച്ചുതുടങ്ങി.ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ സിപ്രിയന്‍ തീരുമാനിച്ചു. 1989 ല്‍ ദമ്പതികള്‍ കത്തോലിക്കാവിശ്വാസവര്‍ദ്ധനവിനും പ്രചരണത്തിനുമായി ഇമ്മാനുവല്‍ കമ്മ്യൂണിറ്റി ആരംഭിച്ചു.

    ഈ ദമ്പതികളുടെ കുടുംബജീവിതത്തിലേക്ക് സന്തോഷം കടന്നുവന്നുവെങ്കിലും റൂവാണ്ടയിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. അക്രമങ്ങളും വംശഹത്യയും കൊലപാതകങ്ങളും കൊണ്ട് രക്തപങ്കിലമായിരുന്നു റുവാണ്ട. ഈ അക്രമങ്ങളെയെല്ലാം കലയിലൂടെയും റേഡിയോ പ്രഭാഷണങ്ങളിലൂടെയും സിപ്രിയന്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുലരി പിറക്കണമെന്ന് പ്രബോധിപ്പിച്ചുകൊണ്ടുമിരുന്നു.

    നമുക്കൊരു പാര്‍ട്ടിയേയുള്ളൂ. ക്രിസ്തുവിന്റെ പാര്‍ട്ടി. അതായിരുന്നു സിപ്രിയന്റെ ആദര്‍ശവാക്യം.

    ഏപ്രില്‍ ഏഴിന് റുവാണ്ടയില്‍ വംശഹത്യ ആരംഭിച്ചു. അന്നേ ദിവസം വീട്ടില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു സിപ്രിയനും ഭാര്യയും. അതിന്റെ തലേന്ന് ആറുമക്കളുമൊത്ത് ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്ത് രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ആ ദമ്പതികള്‍.

    2015 സെപ്തംബര്‍ 18 ന് രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു. നാമകരണനടപടികള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!