ലൂര്‍ദ്ദ്: ലോകത്തിന്റെ പല ഭാഗങ്ങളിലും ലോക്ക് ഡൗണിന് ശേഷം ദിവ്യബലികള്‍ പുനരാരംഭിച്ചു.പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിലും ദിവ്യബലികള്‍ ആരംഭിച്ചു.തീര്‍ത്ഥാടനവും ഭാഗിഗമായി ആരംഭിച്ചിട്ടുണ്ട്. കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ലൂര്‍ദ്ദില്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇ പില്‍ഗ്രിമേജും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 16 ന് പതിനഞ്ച് മണിക്കൂര്‍ നീളുന്ന തീര്‍ത്ഥാടനപ്രോഗ്രാമുകളാണ് ഇതിന്‍പ്രകാരം സംഘടിപ്പിച്ചിരിക്കുന്നത്. പതിനെട്ടാമത്തേതും അവസാനത്തേതുമായ മരിയന്‍ പ്രത്യക്ഷീകരണം ജൂലൈ 16 നായിരുന്നു നടന്നത്. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ലോകമെങ്ങുമുള്ള മരിയഭക്തര്‍ക്കായി തീര്‍ത്ഥാടനം ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്നത്.
വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ജപമാല, പത്തുഭാഷകളിലുള്ള പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം ഇതിലുണ്ടാകും. വിശ്വാസികളും മറ്റുള്ളവരും ലൂര്‍ദ്ദ് തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ സ്വാധീനങ്ങളെക്കുറിച്ചുള്ള സാക്ഷ്യങ്ങളുമുണ്ടാകും. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയിലൂടെ തത്സമയം തിരുക്കര്‍മ്മങ്ങള്‍ ലഭ്യമാകും. ലോകത്തിന്റെ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അന്നേ ദിവസം നടക്കും.
രാജ്യം ലോക്ക് ഡൗണിലായ മാര്‍ച്ച് 17 മുതല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 130,000 പ്രാര്‍ത്ഥനാനിയോഗങ്ങളാണ് വന്നിരിക്കുന്നതെന്ന് റെക്ടര്‍ അറിയിച്ചു.