വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വാക്‌സിന്‍ നല്കുന്നതില്‍ ധനികര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ധനികര്‍ക്കും ദരിദ്രര്‍ക്കും ഒന്നുപോലെ വാക്‌സിന്‍ ലഭ്യമാകണം. സമ്പന്നര്‍ക്ക് വാക്‌സിന്‍ നല്കുന്നതില്‍ മുന്‍ഗണന കൊടുക്കുന്നത് ദു:ഖകരമായ കാര്യമാണ്. പണത്തെക്കാള്‍ ആവശ്യം പരിഗണിച്ചായിരിക്കണം വാക്‌സിന്‍ നല്‌കേണ്ടത്. ദരിദ്രര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയില്ല. പുറത്തിറങ്ങി ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പാവപ്പെട്ടവര്‍ക്ക് മതിയായ ചികിത്സയും ലഭിക്കാറില്ല. അതുകൊണ്ട് കൊറോണ വൈറസ് വാക്‌സിന്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കണം.
സുവിശേഷത്തിന്റെ വെളിച്ചത്തിലും തിയോളജിക്കലായ പുണ്യങ്ങളിലും സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടത്. ഗുരുതരമായ രോഗങ്ങളാല്‍ വലയുന്ന ലോകത്തെ ഒന്നാകെ സൗഖ്യപ്പെടുത്താന്‍ നമ്മുടെ കത്തോലിക്കാസാമൂഹികപാരമ്പര്യം എങ്ങനെ സഹായകരമാകുമെന്ന് നാം ഒരുമിച്ച് ചിന്തിക്കണം. പാപ്പ പറഞ്ഞു.