വത്തിക്കാന്‍ സിറ്റി: തനിക്ക് കരുണ ലഭിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാത്ത ഒരുവന് കരുണയുള്ളവനായിരിക്കാന്‍ കഴിയില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ശിഷ്യന്മാരുടെ പുനരുത്ഥാനം ക്രിസ്തു സാധ്യമാക്കിയത് കരുണയാലായിരുന്നു. കാരുണ്യത്തോടെയാണ് ക്രിസ്തു അവരെ ഉയര്‍ത്തുന്നത്. കാരുണ്യം ലഭിച്ച അവര്‍ കരുണയുള്ളവരായിത്തീരുന്നു. തനിക്ക് കരുണ ലഭിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാത്ത ഒരുവന് കരുണയുള്ളവനായിരിക്കാന്‍ കഴിയില്ല. മൂന്നു ദാനങ്ങളിലൂടെയാണ് കരുണ ലഭിക്കുന്നത്. ആദ്യം സമാധാനം നല്കുന്നു, പിന്നെ പരിശുദ്ധാത്മാവിനെയും തുടര്‍ന്നു തന്റെ മുറിവുകളെയും. ക്രിസ്തു നല്കിയ സമാധാനം ബാഹ്യപ്രശ്‌നങ്ങളെ അകറ്റുന്ന സമാധാനമായിരുന്നില്ല, മറിച്ച് ഉള്ളിലേക്ക് ആത്മവിശ്വാസം നല്കുന്ന സമാധാനമായിരുന്നു.
ദൈവത്തെ സംബന്ധിച്ച് ആരും തെറ്റുകാരല്ല, ആരും ഉപേക്ഷിക്കപ്പെട്ടവരുമല്ല. നിനക്ക് സമാധാനംഎന്നാണ് ക്രിസ്തു ഇന്നു നമ്മോട് ആവര്‍ത്തിക്കുന്നത്. എന്റെ ദൃഷ്ടിയില്‍ നീ വിലപ്പെട്ടവനാണെന്നും ക്രിസ്തു പറയുന്നു. പകരം വയ്ക്കാനാവാത്തതാണ് നീ. ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. ഇതാണ് ക്രിസ്തു പറയുന്നത്.
ദൈവസമാധാനം അനേകം തവണ സ്വീകരിച്ച, പാപമോചനവും കാരുണ്യവും നിരവധി പ്രാവശ്യം സ്വീകരിച്ച ഞാന്‍ മറ്റുള്ളവരോട് കരുണയുളളവനാണോയെന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട് എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.