വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ സമയം ചെലവഴിക്കുന്നത് സമയം പാഴാക്കലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തില്‍ സംഭവിക്കുന്നതിനെയും നമുക്ക് തന്നെ സംഭവിക്കുന്നതിനെയും എല്ലാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത നമുക്ക് പൊതുവെയുണ്ട്. എല്ലാം മറ്റുള്ളവരുടെ കുറ്റമാണ്. ആളുകളുടെയും ഭരിക്കുന്നവരുടെയും ദൗര്‍ഭാഗ്യത്തിന്റെയും മറ്റും കുറ്റമായിട്ടാണ് നാം എല്ലാം കാണുന്നത്.
പ്രശ്‌നങ്ങള്‍ വരുന്നത് എപ്പോഴും പുറത്തുനിന്നാണെന്നാണ് നമ്മുടെ ധാരണ. കുറ്റപ്പെടുത്താനായിട്ടാണ് നാം സമയം ചെലവഴിക്കുന്നത്. ഇത് സമയം പാഴാക്കല്‍ തന്നെയാണ്. ദേഷ്യപ്പെടുകയും പ്രകോപിതരാകുകയും ചെയ്യുന്നത് സ്വന്തം ഹൃദയത്തില്‍ നിന്ന് ദൈവത്തെ അകറ്റിനിര്‍ത്തലാണ്. ആവലാതിപ്പെടുന്ന ഒരാള്‍ക്ക് ഒരു ദൈവവിശ്വാസിയായിരിക്കാന്‍ കഴിയുകയില്ല. പരാതി വിഷലിപ്തമാണ്. പരാതികള്‍ കോപത്തിലേക്കും നീരസത്തിലേക്കും ഹൃദയവ്യഥയിലേക്കും നയിക്കുന്നു. അത് ദൈവത്തിന് നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു. ഞാനല്ല മറ്റുളളവരാണ് അത് ചെയ്തത് എന്ന് പരാതിപറയുന്ന കുട്ടികളെപോലെയാകാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് നമുക്ക് മോചനം കിട്ടാന്‍ വേണ്ടി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. പരാതികളാല്‍ ലോകത്തെ മലിനമാക്കുന്ന അക്രൈസ്തവിക പ്രവൃത്തികളാല്‍ സമയം പാഴാക്കാതിരിക്കാനുളള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.
ഹൃദയശുദ്ധിയിലൂടെ ചരിത്രം മാറ്റിയെഴുതിയ പരിശുദ്ധ അമ്മ നമ്മെ ശുദ്ധീകരിക്കട്ടെയെന്നും കുറ്റപ്പെടുത്തുകയും പരാതിപറയുകയും ചെയ്യുന്ന നമ്മുടെ ദുശ്ശീലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കട്ടെയെന്നും പാപ്പ പറഞ്ഞു.