വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലാന്റ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ജൂണ്‍ 21 ന് ആചരിക്കുന്ന ഡേ ഫോര്‍ ലൈഫിനോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് പാപ്പ ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞെങ്കിലും നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നാണ് പാപ്പ പറഞ്ഞിരിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ ദൈവസ്നേഹത്തെക്കുറിച്ചുള്ള അറിവില്‍ ആശ്വാസവും സമാധാനവും കണ്ടെത്തട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പ, കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുനല്‍കി.
ദൈവത്തിന്റെ ദിവ്യസ്നേഹം ഓരോ വ്യക്തിയുടെയും ജീവിതത്തിന് അര്‍ത്ഥം നല്കുന്നു. മരണത്തില്‍ അവസാനിക്കുന്നതിനു പകരം നിത്യതയുടെ ഒരു പുതിയ പൂര്‍ണ്ണതയിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ സഭാസമൂഹത്തില്‍ പ്രത്യേകിച്ച് പ്രാര്‍ത്ഥനയാലും കൂദാശകളാലും പോഷിപ്പിക്കപ്പെടുന്ന ജീവിതത്തില്‍ പിന്തുണ കണ്ടെത്തണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.