ബാഴ്സലോണ: യേശുവിന്റെ കുരിശ് നമ്മോട് പറയുന്നത് ദൈവം നമ്മെ കൈവിടുന്നില്ല എന്നും വേദനയുടെയും അങ്ങേയറ്റത്തെ ഏകാന്തതയുടെയും നിമിഷങ്ങളില്‍ അവന് നമ്മോടുകൂടെ കുരിശില്‍ തറയ്ക്കപ്പെടുന്നുവെന്നുമാണെന്ന് ലെയോ പതിനാലാമന്‍പാപ്പ. യേശു നമ്മുടെ കണ്ണുനീര് മാത്രമല്ല മറ്റുള്ളവര്‍ കേള്‍ക്കാത്ത നമ്മുടെ കഷ്ടപ്പാടിന്റെ നിലവിളിപോലും കേള്‍ക്കുന്നുണ്ട്. ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വഹിക്കുന്ന ഭാരങ്ങള്‍ നാം അവനെ ഏല്പിക്കണം.സ്പെയ്ന്‍ അപ്പസ്തോലികയാത്രയുടെ ഭാഗമായി ബാഴ്സലോണയിലെ യുവജനങ്ങള്‍ക്കൊപ്പം ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോള്‍ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.
കഷ്ടപ്പാടുകള്‍ എന്നും ഒരു യാഥാര്‍ത്ഥ്യമാണെന്നും നിരാശ നിറഞ്ഞ ജീവിതത്തില്‍ യേശുവുമായുള്ള സമ്പര്‍ക്കം ജീവിതത്തില്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും രോഗത്തില്‍ നിന്ന് സുഖംപ്രാപിക്കാനും ജീവിതത്തിലേക്ക് മടങ്ങാന്‍ വീണ്ടും എഴുന്നേല്ക്കുവാനും നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പ പറഞ്ഞു. നമ്മുടെ വേദന പങ്കുവെക്കുകയും, നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോള്‍, സ്നേഹവും കരുണയും നിറഞ്ഞ തന്റെ സാന്നിധ്യത്തിലൂടെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന, നമ്മുടെ അരികില്‍ നില്ക്കുന്ന കരുണാമയനായ ദൈവമാണ് നമുക്കുള്ളതെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.ലെയോ പാപ്പയുടെ സ്പെയ്ന്‍ യാത്ര ഇന്ന് സമാപിക്കും.