മനാമ: ബഹ്‌റൈനിലെ കത്തോലിക്കാ ദേവാലയം ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവിന്റെ മകന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. യെമന്‍, ഒമാന്‍, ബഹ്‌റൈന്‍സ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവ ഉള്‍പ്പെട്ട അറേബ്യന്‍ മേഖലയിലെ ഏറ്റവും വലിയ ദേവാലയമാണ് ഉദ്ഘാടനം ചെയ്യപ്പെട്ട ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍. ദേവാലയകൂദാശ ഇന്ന് രാവിലെ നടക്കും.
അവാലിയില്‍ ബഹ്‌റൈന്ഡ രാജാവ് അനുവദിച്ച 900 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് 110 കോടിയോളം രൂപ ചെലവിട്ട് ദേവാലയം പണിതിരിക്കുന്നത്. വത്തിക്കാനിലെ വിളക്ക് തൂണിനെ അനുസ്മരിപ്പിക്കുന്ന നിര്‍മ്മിതിയില്‍ സ്ഫടിക ഗോളം സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം. മാര്‍പാപ്പയുടെ പ്രതിനിധി സുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലെ, വത്തിക്കാന്‍ എംബസി നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് യൂജിന്‍ എം ന്യൂജെന്റ്, ബിഷപ് പോള്‍ ഹിന്‍ഡര്‍, ആര്‍ച്ച് ബിഷപ് നിഫോണ്‍ സൈകാലി, ഫാ. സജി തോമസ്, ഫാ. പീറ്റര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് കൂദാശ. 2300 പേര്‍ക്ക് ഒരേ സമയം ദേവാലയത്തില്‍ പ്രവേശിക്കാന്‍ കഴിയും. 2014 മെയ് 19 ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്‌റൈന്‍ രാജാവ് കത്തീഡ്രലിന്റെ ചെറു പതിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്കിയിരുന്നു.