വത്തിക്കാന്‍സിറ്റി: അത്യാഗ്രഹം നാശത്തിന് കാരണമാകുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത്യാഗ്രഹത്തിന് പകരം സാഹോദര്യം കെട്ടിപ്പടുക്കുക. സാഹോദര്യമുണ്ടാകുമ്പോള്‍ അത്യാഗ്രഹം ഇല്ലാതെയാകും. ലാഭത്തിനായുള്ള അത്യാഗ്രഹവും സര്‍വ്വശക്തനാണ് മനുഷ്യന്‍ എന്ന മിഥ്യാധാരണയില്‍ സമ്പാദിച്ചു കൂട്ടാനും കൈവശപ്പെടുത്താനുമുള്ള ത്വരയാലാണ് നാം വസിക്കുന്ന ഭൂമി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബഹുമാനത്തോടെയും കരുതലോടെയും ജീവിക്കുക എന്നത് മര്‍ത്ത്യന്‍ എന്ന നിലയിലുളള നമ്മുടെ പരിമിതികളെ അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. മാര്‍പാപ്പ പറഞ്ഞു.
വയോന്ത് ദുരന്തത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ഇറ്റലിയിലെ ടോക്ക് എന്നറിയപ്പെടുന്ന മലയുടെ വടക്കുഭാഗത്ത് വയോന്ത് അണക്കെട്ട് സൃഷ്ടിച്ച കൃത്രിമ തടാകത്തിലേക്ക് ഏകദേശം 270 ദശലക്ഷം ക്യൂബിക് മീറ്റര്‍ പാറ തെന്നിവീണ് 200 മീറ്ററിലധികം ഉയരത്തില്‍ വെള്ളപ്പൊക്കമുണ്ടാവുകയും 1910 പേര്‍ മരിക്കുകയും ചെയ്ത സംഭവമാണ് വയോന്ത് ദുരന്തം.