രാഷ്ട്രീയക്കാരെ സ്വന്തമാക്കാനാണ് സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് യശ്ശശരീരനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തമാണ്. രാഷ്ട്രീയക്കാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സാത്താന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മരിയ മെന്‍സാജെറ എന്ന മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയത്തില്‍ സാത്താന്‍ നിലനില്ക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. ഹിറ്റ്‌ലറും സ്റ്റാലിനും ഭൂതാവേശിഷതരായിരുന്നു ഇക്കാര്യം നമുക്കെങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അവര്‍ കോടിക്കണക്കിന് മനുഷ്യരെ കൊന്നു. സുവിശേഷം പറയുന്നുണ്ടല്ലോ ഫലം കൊണ്ട് തിരിച്ചറിയുകയെന്ന്. ഹിറ്റ്‌ലറും സ്റ്റാലിനും പുറപ്പെടുവിച്ച ഫലത്തില്‍ നിന്നാണ് അവര്‍ ഭൂതാവേശിതരായിരുന്നുവെന്ന് അറിയാന്‍ കഴിയുന്നത്. ആ അഭിമുഖത്തില്‍ ഗബ്രിയേല്‍ അമോര്‍ത്ത് പറഞ്ഞ വാക്കുകളാണ് ഇത്.
ഈ വാക്കുകള്‍ ഇന്നും പ്രസക്തമാകുന്നത് വര്‍ത്തമാനകാലത്തിലെ ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ്. പല രാജ്യങ്ങളിലും രാഷ്ട്രീയക്കാരുടെ അഴിമതിയും അക്രമവും നടമാടുന്നു.മനുഷ്യജീവനുകള്‍ പന്താടുന്നു. യുദ്ധങ്ങളിലൂടെയോ യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയോ കടന്നുപോകേണ്ടിവരുന്നു. സാത്താനിക സ്വാധീനം ചിന്തയിലും പ്രവൃത്തിയിലും ഉള്ള ഭരണാധികാരികള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ഭീഷണിയാണ്. സാത്താന്‍ ബുദ്ധിയുള്ള ആളാണെന്നും അമോര്‍ത്ത് മുന്നറിയിപ്പ് നല്കുന്നുണ്ട്. സാത്താനെതിരെ ഉണര്‍ന്നിരിക്കാന്‍ നമുക്ക് വിവേകം ആവശ്യമാണ്. രാഷ്ട്രീയാധികാരികള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രസക്തിയും അതുതന്നെയാണ്.