വരാപ്പുഴ: ആയിരങ്ങള്‍ സാക്ഷിനില്‌ക്കെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനമധ്യേ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് മദര്‍ എലീശ്വയെ പ്രാദേശികമായി അള്‍ത്താര വണക്കത്തിന് പ്രതിഷ്ഠിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ധന്യ മദര്‍ ഏലീശ്വയുടെ നാമകരണത്തിനായുള്ള വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍, മദര്‍ ഏലീശ്വയുടെ സംക്ഷിപ്ത ജീവചരിത്രം വായിച്ചു. ബോംബെ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയതു.വാഴ്ത്തപ്പെട്ട ഏലീശ്വയുടെ നൊവേന സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയുടെ തിരുസ്വരൂപം വല്ലാര്‍പാടത്തമ്മയുടെ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി ദേവാലയത്തില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും ലത്തീന്‍ രൂപതകളിലെ മെത്രാന്മാരും ചടങ്ങുകളില്‍ പങ്കെടുത്തു.
ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധിയും മലേഷ്യയിലെ പെനാങ് രൂപതാ മെത്രാനുമാണ് കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്.
—
Vinayak Nirmal (Biju Sebastian)