പിടിച്ചെടുത്ത ഭൂമി തിരികെ തരണം; പ്രധാനമന്ത്രിക്കുള്ള മെമ്മോറാണ്ടവുമായി ബംഗ്ലാദേശിലെ കത്തോലിക്കര്‍

ധാക്ക: ബുദ്ധമതസന്യാസി ബലമായി ക്രൈസ്തവരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശിലെ കത്തോലിക്കര്‍ പുരോഹിതരുടെയും സന്യാസിനികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. ജില്ലാ ചീഫ് ഗവണ്‍മെന്റ് ഓഫീസര്‍ക്കാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കത്തോലിക്കര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

നിര്‍ദ്ധനരായ കത്തോലിക്കരുടെ 40 ഏക്കറോളം സ്ഥലം ബുദ്ധമതസന്യാസിയായ യു ചാ ഹലാ ഭാണ്ഡെ അവരില്‍ നിന്ന് ബലമായി പിടിച്ചെടുത്തതായിട്ടാണ് ആരോപണം. 2014 ലാണ് സംഭവം നടന്നത്. നിരവധി ഗവണ്‍മെന്റ് അധികാരികളോട് സഹായം ചോദിച്ചുവെങ്കിലും ബുദ്ധമതസന്യാസി സ്വാധീനമുള്ള വ്യക്തിയായതിനാല്‍ പലരും ഈ അഭ്യര്‍ത്ഥനയോട് മുഖംതിരിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തോലിക്കര്‍ പ്രതിഷേധറാലി നടത്തിയതും മെമ്മോറാണ്ടം സമര്‍പ്പിച്ചതും. റോഗ്ചാരി യിലെ സെന്റ് പോള്‍ ചര്‍ച്ചിന്റെ 5.7 ഏക്കര്‍ സ്ഥലവും ബുദ്ധമത സന്യാസി കൈവശമാക്കിയിരുന്നു. പ്രാദേശിക കത്തോലിക്കാ സമൂഹം ഇതിനെതിരെ കേസു കൊടുക്കുകയും വിധി സഭയ്ക്ക് അനുകൂലവുമായിരുന്നു. എന്നാല്‍ ഭാണ്ഡെ വീണ്ടും റിവ്യൂ പെറ്റീഷന്‍ നല്കി. കോടതിവിധിക്കെതിരെ സഭയും നിയമനടപടികള്‍ക്കൊരുങ്ങി.

എന്നാല്‍ ഇപ്പോഴും കേസ് കോടതിയുടെ പരിഗണനയിലാണ്. ഭാണ്ഡെയുടെ കയ്യേറ്റ ശ്രമങ്ങള്‍ ബുദ്ധമതസമൂഹത്തിന് തന്നെ അപമാനകരമാണെന്ന് മറ്റ് മതസമൂഹങ്ങളും കണക്കാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.