Wednesday, January 15, 2025
spot_img
More

    ഉത്കണ്ഠകള്‍ അകറ്റി ജീവിതം സന്തോഷകരമാക്കാം

    ജീവിതവും ആത്മീയതയും ഒരുപോലെ ആഘോഷിക്കപ്പെടേണ്ട പൊൻ നാണയങ്ങളാണ്.  എന്നിട്ടും എന്ത് കൊണ്ടോ രണ്ടും ഒരുപോലെ ശോഭിക്കുന്നില്ലെന്നതാണ് വാസ്തവം. 

    സൂര്യനുദിക്കുന്നു ഇരുട്ടാകുന്നു എന്നല്ലാതെ ഈ കുഞ്ഞു ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ലെന്നത് ആലോചിക്കേണ്ട യാഥാർഥ്യം തന്നെ.  ജീവിതം ഒന്നേ ഉള്ളൂ! എന്നിട്ടുമെന്തിനാണ് സുഹൃത്തേ, നീ ഓരോ നിമിഷവും അതിന്റെ ആസ്വാദ്യതയെ കുഞ്ഞുങ്ങൾ പൂക്കുല തല്ലി കൊഴിക്കുന്നതു പോലെ നശിപ്പിക്കുന്നതെന്ന ചോദ്യത്തിന് നീണ്ട മൗനമേ ഉത്തരം നൽകാനുള്ളൂ. കാരണങ്ങളില്ലാത്ത സങ്കട നദി നെഞ്ചിൽ കൊണ്ട് നടക്കുന്നവർ സത്യമായും നീയും ഞാനുമാണ്.

    ഒടുവിൽ നദി വറ്റിവരളുമ്പോഴേക്കും നമ്മൾ പ്രായാധിക്യത്താൽ ജ്വരക്കിടക്കയിലുമാകും.     ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുക എന്നതാണ് ജീവിതം ആഘോഷമാക്കുന്നതിന്റെ ആദ്യ ചുവട്. ആ തച്ചൻ അത് ജീവിതം കൊണ്ടും, മരണം കൊണ്ടും തെളിയിച്ചു തന്നില്ലേ!.  കട്ട പുറത്തുറങ്ങിയും…. വയലിൽ കള പറിച്ചും  മുക്കുവരൊപ്പം സവാരിചെയ്തും അവൻ ജീവിതം ആസ്വദിക്കുകതന്നെയായിരുന്നു. ജീവിച്ച മുപ്പത്തി മൂന്നുവർഷങ്ങൾ  മുപ്പത്തിമൂന്നു നൂറ്റാണ്ടുകളാക്കിയവനാണ് ക്രിസ്തു.

    മത്തായിയുടെ സുവിശേഷം സത്യമായും ക്രിസ്തുവിന്റെ ജീവിതനിയമം തന്നെയായിരുന്നു. ആകുലപ്പെടാതെയുള്ള ജീവിതം. ഉത്കണ്ഠമൂലം  ആയുസിന്റെ ഒരുമുഴം  പോലും കൂട്ടാനോ കുറയ്ക്കാനോ ആവില്ലെന്ന് ക്രിസ്തുവിനു നല്ലതുപോലെ അറിയാമായിരുന്നു.  നമുക്ക് ഈ അറിവ് നഷ്ടപ്പെടുന്നതാണ് പരാജയം.  ഈ പുതുവത്സര പുലരിയിലെങ്കിലും ഉത്കണ്ഠകളൊക്കെ മാറ്റി വച്ചു ജീവിക്കാൻ തുടങ്ങാം. ജീവിതം ആസ്വാദ്യകരമാക്കാനുള്ള രണ്ടാമത്തെ മാർഗം: കോംപ്രമൈസുകൾ ഒഴിവാക്കുക എന്നത് തന്നെയാണ്. അനാവശ്യമായ താരതമ്യങ്ങളും താദാത്മ്യങ്ങളും സമവായങ്ങളും ജീവിതത്തിൽ നിന്നും ഉപേക്ഷിക്കാൻ നാം പഠിക്കണം. എല്ലാം ഒരുപോലായാൽ പിന്നെ ജീവിതത്തിനു പുതുമയില്ല സുഹൃത്തേ; ഓർമവരുന്നതെപ്പോഴും A. R റഹ്മാനെത്തന്നെയാണ്.കോംപ്രമൈസുകൾ ചെയ്തിരുന്നെങ്കിൽ എനിക്ക് ഓസ്കാർ കിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. 

    പതിനൊന്നാം വയസിൽ തുടങ്ങിയ സംഗീത ജീവിതം അമ്പതു വയസു കഴിഞ്ഞിട്ടും  തെല്ലും ശോഭകെടാതെ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അതിനു കാരണം അനുകരണങ്ങളില്ലാതെ പുതുമക്ക് വേണ്ടിയുള്ള പാടുപെടലുകളായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്.  നമുക്ക് ഈ പുതു വത്സരത്തിൽ വേണ്ടത് Imitation അല്ല Initiation ആണ്.  പുതിയ സംരംഭങ്ങൾ സ്വപനം കണ്ട് പുതുമയുടെ പ്രസരിപ്പുകളാക്കാൻ നമുക്ക് പരിശ്രമിക്കാം തമ്പുരാനെ കൂടെ കൂട്ടി ജീവിക്കുക എന്നതാണ് ജീവിതം ആഘോഷിക്കാനുള്ള മൂന്നാമത്തെയും   പ്രധാനപ്പെട്ടതുമായ മറ്റൊരു ചുവട്. ജീവിതം ആസ്വദിച്ചവരുടെ ലിസ്റ്റ് പരിശോധിച്ചാൽ പത്തിൽ എട്ടുപേരും ദൈവത്തെ കൂടെ കൂട്ടി രക്ഷ അനുഭവിച്ചവർ തന്നെ. 

    ഗാന്ധിയും , ടാഗോറും, വിവേകാനന്ദനും, ടോൾസ്റ്റോയിയും, എബ്രഹാം ലിങ്കനുമെല്ലാം ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ മാത്രം.  നമുക്ക് ഓർക്കാം  കഴിഞ്ഞ കാലത്തിൽ വന്ന പിഴകൾക്കും  അപജയങ്ങൾക്കുമെല്ലാം കാരണം നമ്മൾ മാത്രമാണ്.  നമ്മൾ തനിച്ചു പോയ വഴികളിൽ കാൽവഴുതി വീണ എത്രയോ സന്ദർഭങ്ങൾ.  ഇനിയെങ്കിലും  അക്വിനോസിന്റെ ഭാഷയിൽ പറയുന്ന ആ unmoved mover -നെ നമുക്ക് കൂടെ കൂട്ടാം.  അവൻ നിന്നെയും എന്നെയും ചലിപ്പിക്കുമ്പോൾ നമ്മിൽ മഴവില്ലുകൾ വിരിയും. 

    ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍      

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!