മലയാള നന്മ കരകവിഞ്ഞൊഴുകി.സാഹോദര്യത്തിന്റെ മാതൃക സൃഷ്ടിച്ചു വീണ്ടും സഭാമക്കൾ


കോവിട് ബാധിച്ചു മരണമടഞ്ഞ സിന്റോ ജോർജിന്റെ കുടുംബത്തെ സഹായിക്കാൻ ഗ്രെറ്റ്‌ ബ്രിട്ടൺ സിറോ മലബാർ രൂപതയിലെ വിശ്വാസസമൂഹം മറ്റ്‌ കൂട്ടായ്മകളോട് ചേർന്ന് ഉണർന്ന് പ്രവർത്തിച്ചപ്പോൾ അതൊരു കുടുംബത്തിന് കൈത്താങ്ങായി . ഈ സംരംഭത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ച റെഡ് ഹിൽ സെന്റ് ക്ലെയർ മിഷനും മറ്റ്‌ സംഘടനകൾക്കും ഫ്യൂണറൽ കമ്മറ്റി നന്ദി അറിയിച്ചു .
കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ ചേർക്കുന്നു

സിന്റോയുടെ   കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പിയ യു കെ മലയാളികൾക്ക് നന്ദിയുടെ ഒരു വാക്ക് …….

കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ യു കെ മലയാളികൾക്കേറ്റ ആദ്യപ്രഹരമായിരുന്നു റെഡ് ഹിൽ നിവാസിയായ സിന്റോ ജോർജിന്റെ അകാല നിര്യാണം. ലോകംമുഴുവനും യൂറോപ്പ് പ്രത്യേകിച്ചും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഏപ്രിൽ ആദ്യവാരത്തിലായിരുന്നു ഈ വേർപാട്. മഹാമാരിയുടെ പരിമിതികൾക്കിടയിൽ ബന്ധുമിത്രാദികൾ പലർക്കും ഈ കുടുംബത്തെ സന്ദർശിക്കാനോ സ്വാന്തനിപ്പിക്കാനോ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ റെഡ് ഹില്ലിലെ മലയാളീ കൂട്ടായ്മയായ  മാഴ്‌സും സീറോ മലബാർ സഭയുടെ ഭാഗമായ സെന്റ് ക്ലെയർ മിഷനും അടിയന്തിര കൂടിയാലോചനകൾക്കുശേഷം സിന്റോയുടെ ഭാര്യ നിമിയേയും കുട്ടികളെയും സന്ദർശിച്ചു തങ്ങളാൽ ആകുന്ന  സഹായങ്ങൾ ഉറപ്പുനല്കുകയുമുണ്ടായി.

         സിന്റോയുടെ പ്രായമായ മാതാപിതാക്കളെയും ഭാര്യ നിമിയേയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിനും മരണാനന്തര കർമ്മങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിനുമായി നിമിയുടെ അനുവാദത്തോടെ യു കെ മലയാളികളോട് സഹായാഭ്യര്ഥന നടത്തി. മലയാളി സമൂഹം ആ കുടുംബത്തിന്റെ നഷ്ടത്തെ സ്വന്തം നഷ്ടമായി കണ്ടു വളരെ ഉദാരമായി സഹായിച്ചു. സെന്റ് ക്ലയർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ധന അഭ്യര്ഥനയോടു യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും വളരെ വലിയ സഹകരണമാണ് നടത്തിയത് .  മാഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളീ അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു. ഈ അവസരത്തിൽ ഞങ്ങളോട് ചേർന്ന് ഒരു വലിയ തുക സമാഹരിക്കുന്നതിനു സഹകരിച്ച സട്ടൻ മലയാളി അസ്സോസിയേഷനെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെയും നന്ദിയോടെ സ്മരിച്ചു കൊള്ളുന്നു.

          സിന്റോയുടെ മൃതസംസ്കാരശുശ്രൂഷകൾക്ക് ശേഷം പല സ്രോതസ്സുകളിൽനിന്നായി സമാഹരിച്ച തുകകൾ ഏകോപിപ്പിക്കുന്നതിനും അതിന്റെ ഉചിതമായ വിനിയോഗത്തിനു നിമിയെ സഹായിക്കുന്നതിനുമായി മാഴ്സിന്റെയും സെന്റ് ക്ലയർ മിഷന്റെയും പ്രതിനിതിഥികൾ ചേർന്ന് ഒരു എട്ട് അംഗകമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റി യഥാസമയങ്ങളിൽ യോഗം ചേരുകയും നിമിയുമായും നിമിയുടെയും സിന്റോയുടെയും കുടുംബാങ്ങങ്ങളുമായും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സാമ്പത്തിക സഹായത്തോടൊപ്പം നിമിയുടെയും കുഞ്ഞുങ്ങളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനത്യാവശ്യമായ യുകെ വിസ തരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും കമ്മിറ്റി നേതൃത്വം നൽകിവരുന്നു. അതിനോടൊപ്പംതന്നെ കൗൺസിലുമായി ബന്ധപ്പെട്ട് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു.

       ആവശ്യനേരത്തു സഹായഹസ്തങ്ങൾ നീട്ടി പ്രവാസി സമൂഹത്തിനാകെമാതൃകയായ ഓരോരുത്തരോടും നന്ദി പറയുന്നതിനൊപ്പം ലഭിച്ച തുകയുടെ വിവരങ്ങൾ ചെവടെ ചേർക്കുന്നു.

സെന്റ് ക്ലയർ മിഷൻ സമാഹരിച്ച തുക –  £  52680 .02

മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേർന്ന് സമാഹരിച്ച തുക – £65264 . 25

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ – £16250

ആകെ ലഭിച്ച തുക – £134194 .27

മൃത സംസ്കാര ശുശ്രൂഷകളുടെ ചിലവ് – £6126 .2

 സിന്റോയുടെ ആശ്രിതർക്കൊരു കൈത്താങ്ങായിമാറിയ  പ്രവാസി സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചും ബാക്കി തുകയായ £128067 . 07 താഴെപറയും പ്രകാരം വീതിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.

സിന്റോയുടെ മാതാപിതാക്കൾക്ക് സഹായധനമായി – £11000

ഓരോ കുട്ടിയുടെയും പേരിൽ പതിനെട്ടുവയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം – £60000

 ബാക്കി തുകയായ £57068 .07  ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകൾ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി നിമിയുടെ പേരിലും നൽകും.

    യുകെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികൾ പൂർത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യർത്ഥിച്ചതിനാൽ താൽക്കാലികമായി ഈ തുക സെന്റ് ക്ലയർ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കുട്ടികളുടെ പേരിൽ നൽകിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു . അക്കൗണ്ടുകൾ തുറക്കുന്നമുറക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും.

     ഈ ഉദ്യമത്തിൽ ഞങ്ങളോട് ഏതെങ്കിലും രീതിയിൽ സഹകരിച്ച എല്ലാവര്ക്കും സിന്റോയുടെ മാതാപിതാക്കളുടെയും നിമിയുടെയും കുട്ടികളുടെയും പേരിലും റെഡ് ഹിൽ മലയാളീ സമൂഹത്തിന്റെപേരിലുമുള്ള അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

ജോബി ഫിലിപ്                                    ജിപ്സൺ തോമസ്

പ്രെസിഡന്റ്                                            ട്രസ്റ്റീ

മാർസ്                                                             സെന്റ് ക്ലയർ മിഷൻ റെഡ് ഹിൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.