ശ്രീലങ്കൻ ദുരിതബാധിതർക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എയിൽസ്‌ഫോർഡ് തീർത്ഥാടനം സഹായം നൽകും



എയിൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ എയിൽസ്‌ഫോർഡ് തീർത്ഥാടനത്തിന്റെ ചിലവു കഴിഞ്ഞു ലഭിക്കുന്ന മുഴുവൻ തുകയും ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി നൽകുമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. പ്രത്യേക സർക്കുലറിലൂടെയാണ് മാര്‍ സ്രാന്പിക്കല്‍ ഇക്കാര്യം അറിയിച്ചത്. മേയ് 25 ന്  ആണ് തീര്‍ത്ഥാടനം .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ആഗോള സഭയോട് ചേർന്ന്, വേദനിക്കുന്ന എല്ലാവരോടും ഐകദാർഢ്യം പ്രകടിപ്പിക്കുകയും ഇന്നലെ സീറോ മലബാർ വി. കുർബാന അർപ്പിച്ച എല്ലാ സ്ഥലങ്ങളിലും ഭീകരാക്രമണത്തിൽ മരിച്ചവരെയും, പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുസ്മരിക്കുകയും ചെയ്തു. 

വിശുദ്ധ സൈമൺ സ്റ്റോക്കിന് പരി. മറിയം എയിൽസ്‌ഫോഡിൽ പ്രത്യക്ഷപ്പെട്ട് സംരക്ഷണത്തിന്റെ ഉത്തരീയം നൽകിയതിന്റെ അനുസ്മരണത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനത്തിൽ, ലോകത്തിനു മുഴുവൻ ദൈവത്തിന്റെ കരുണ നിറഞ്ഞ സംരക്ഷണം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് രൂപതാധ്യക്ഷൻ അഭ്യർത്ഥിച്ചു. തീർത്ഥാടന കമ്മറ്റി കൺവീനറായ ഫാ. ടോമി എടാട്ടിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഇത്തവണ, രൂപതയിലെ എല്ലാ റീജിയണുകളിൽ നിന്നും തീർത്ഥാടകരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് നടക്കുന്നത്. 
 

സഭയുടെയും നമ്മുടെയും അമ്മയായ പരി. കന്യകാമറിയത്തിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന എയിൽഫോർഡിലേക്കു നടത്തുന്ന ഈ തീർത്ഥാടനത്തിൽ പങ്കുചേരുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും തീർത്ഥാടന കമ്മറ്റി കൺവീനർ ഫാ. ടോമി ഏടാട്ടും അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.