ഫുള്‍ട്ടന്‍ ഷീന്റെ തിരുശേഷിപ്പ് പിയോറിയായിലേക്ക് മാറ്റാന്‍ ന്യൂയോര്‍ക്ക് അതിരൂപത സമ്മതം നല്കി

പിയോറിയ: ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്റെ ഭൗതികാവശിഷ്ടം പിയോറിയായിലേക്ക് മാറ്റാന്‍ ന്യൂയോര്‍ക്ക് അതിരൂപത സന്നദ്ധത പ്രകടിപ്പിച്ചതായി പിയോറിയ രൂപത അറിയിച്ചു. ഇതോടെ ഷീന്റെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനചടങ്ങുകള്‍ക്ക് സാധ്യതയേറി.

ന്യൂയോര്‍ക്ക് കാല്‍വരി സെമിത്തേരിയില്‍ അന്തിയുറങ്ങാനാണ് തന്റെ ആഗ്രഹമെന്ന് ഷീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഷീന്റെ മരണശേഷം അന്നത്തെ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കാര്‍ഡിനല്‍ ടെറെന്‍സി കൂക്കി, ഷീന്റെ മരുമകളും അടുത്തബന്ധുവുമായ ജോവാന്‍ ഷീന്റെ അനുവാദത്തോടെ ഭൗതികദേഹം സെന്റ് പാട്രിക് ദേവാലയത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

എന്നാല്‍ ഷീന്റെ വിശുദ്ധപദ പ്രഖ്യാപന സാധ്യത ഉണ്ടായതോടെ മരുമകള്‍ തന്റെ അങ്കിളിന്റെ ഭൗതികാവശിഷ്ടം പീയോറിയ സെന്റ് മേരീ കത്തീഡ്രലിലേക്ക് മാറ്റണമെന്ന് നിയമപരമായി അപേക്ഷിച്ചു. ഇതിനെതിരെ ന്യൂയോര്‍ക്ക് അതിരൂപത അപ്പീല്‍ നല്കിയെങ്കിലും കോടതി അത് നിഷേധിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് അതിരൂപത ഭൗതികാവശിഷ്ടം പിയോറിയോയിലേക്ക് മാറ്റാന്‍ സമ്മതം നല്കിയത്.

2002 ല്‍ പിയോറിയോ രൂപത ഷീന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 2012 ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഷീന്റെ വീരോചിതപുണ്യങ്ങളെ അംഗീകരിച്ചു.

1895 ല്‍ ഇല്ലിനോയിസിലായിരുന്നു ഷീന്റെ ജനനം. 1979ല്‍ അദ്ദേഹം ദിവംഗതനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.