വത്തിക്കാന്‍ സിറ്റി:ടെലിവിഷന്‍ ഓഫാക്കുക പകരം ബൈബിള്‍ തുറക്കുക, മൊബൈലുമായുള്ള ബന്ധം വിച്ഛേദിക്കുക പകരം സുവിശേഷവുമായി ബന്ധം സ്ഥാപിക്കുക. വിഭൂതി ബുധന്‍ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാവിശ്വാസികള്‍ക്കായി നല്കിയ സന്ദേശമായിരുന്നു ഇത്.
ലോകത്തിന്റെ സംസാരങ്ങളില്‍ നിന്ന് അകന്നുനില്ക്കാനും അത് കുറയ്ക്കാനുമുള്ള വേളയാണ് നോമ്പുകാലം. ദൈവവചനത്തിന് വേണ്ടി മുറിയൊരുക്കാനുള്ള അനുകുലമായ സമയം. നിശ്ശബ്ദതയിലായിരിക്കുക, ദൈവവുമായി സംഭാഷണം നടത്തുക. നോമ്പുകാലം അതിനുള്ള സമയമാണ്. ഗോസിപ്പുകള്‍, അപവാദങ്ങള്‍, നിഷ്പ്രയോജനകരമായ സംസാരങ്ങള്‍ എന്നിവയ്ക്കു പകരമായി പൂര്‍ണ്ണമായും ദൈവത്തിന് സ്വയം സമര്‍പ്പിക്കുക.
നാല്പതുദിവസം മരുഭൂമിയില്‍ ഉപവസിച്ച കര്‍ത്താവിന്. മരുഭൂമിയിലേക്കാണ് ഈ നോമ്പുകാലത്ത് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ദൈവത്തിന്റെവചനങ്ങള്‍ കൊണ്ടുകൂടിയാണ് ജീവിക്കുന്നത് എന്നാണ് തന്നെ പരീക്ഷിച്ച സാത്താനോട് ക്രിസ്തു മറുപടി പറഞ്ഞത്. ദൈവവചനത്തെക്കാള്‍ വലിയ അപ്പമില്ല. നമുക്ക് ദൈവത്തോട് സംസാരിക്കാം. നമുക്ക് പ്രാര്‍ത്ഥന ആവശ്യമാണ്. പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികള്‍ നോമ്പുകാലത്തെ മരുഭൂമിയിലേക്കുള്ള വഴികളാണിവ. പാപ്പ ഓര്‍മ്മിപ്പിച്ചു.