റോം: പതിവു ഫ്രാന്‍സിസ് രീതിയിലായിരുന്നു ആ സന്ദര്‍ശനവും. അല്‍ഷൈമേഴ്‌സ് രോഗികളെ കാണാന്‍ മുന്‍കൂട്ടി അറിയിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആ സര്‍പ്രൈസ് വിസിറ്റ്. റോമിന് വെളിയിലെ ഇമ്മാനുവല്‍ വില്ലേജിലേക്കായിരുന്നു പാപ്പ എത്തിയത്. സമൂഹം മറന്നുപോയവരും സമൂഹത്തെ മറന്നുപോയവരുമായ അല്‍ഷൈമേഴ്‌സ് രോഗികളെ കാണാനും അവര്‍ക്ക് സ്‌നേഹം നല്കാനും. വെള്ളിയാഴ്ചകളില്‍ പാപ്പ ആരംഭിച്ചിരിക്കുന്ന മേഴ്‌സി ഫ്രൈഡേ സന്ദര്‍ശനങ്ങളുടെ ഭാഗമായിരുന്നു അത്. കരുണയുടെ വര്‍ഷം ആചരിച്ച 2016 മുതല്ക്കായിരുന്നു ഇത്തരം സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. മാറാരോഗികള്‍, അഭയാര്‍ത്ഥികള്‍, ലൈംഗികകച്ചവടത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഇരകളായ സ്ത്രീകളും കുട്ടികളും എന്നിവരെയാണ് പാപ്പ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ബെല്‍ജിയത്ത് നിന്നുള്ള അല്‍ഷൈമേഴ്‌സ് സംഘത്തെ പാപ്പ സന്ദര്‍ശിച്ചിരുന്നു. മറവിരോഗം ബാധിച്ചവരെ സഹാനുഭൂതിയോടെയും ആദരവോടെയും ശുശ്രൂഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പാപ്പ ഓര്‍മ്മിപ്പിച്ചു.