ചങ്ങനാശ്ശേരി: മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് – പോസ്റ്റുലേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിച്ചിരുന്ന സി. ജെയിൻ കൊട്ടാരം CMC -ജീവിതനിയോഗം പൂര്‍ത്തിയാക്കി ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മാര്‍ കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രിയായിരുന്നു സിസ്റ്റര്‍ ജെയിന്‍ കൊട്ടാരം.
മാര്‍ കാവുകാട്ടിന്റെ പ്രത്യേക മാധ്യസ്ഥം വഴി കാന്‍സര്‍ രോഗത്തില്‍ നിന്ന് അത്ഭുതകരമായ സൗഖ്യവും സിസ്റ്റര്‍ക്കുണ്ടായിട്ടുണ്ട്. രോഗസൗഖ്യത്തിന് വേണ്ടി കാവുകാട്ട് പിതാവിനോട് നിരന്തരം മാധ്യസ്ഥം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന സിസ്റ്ററിന് പെട്ടെന്നൊരു ദിവസംരോഗസൗഖ്യമുണ്ടായതായി അനുഭവപ്പെട്ടു. അടുത്ത ദിവസം ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ കാന്‍സറിന്റെ യാതൊരുവിധ രോഗലക്ഷണങ്ങളും ആ ശരീരത്തിലുണ്ടായിരുന്നില്ല. കാവുകാട്ട് പിതാവിന്റെ മരണത്തീയതി ദിവസമായിരുന്നു ആ രോഗസൗഖ്യം. മാര്‍ കാവുകാട്ടിന്റെ ജനനദിവസമാണ് സിസ്റ്റര്‍ ജെയിനാമ്മ മരണമടഞ്ഞതെന്ന പ്രത്യേകത കൂടിയുണ്ട് ഇതിനോട് ചേര്‍ത്തുവായിക്കാന്‍.
സന്ന്യാസജീവിതത്തിനും അദ്ധ്യാപകവൃത്തിയ്ക്കും ഉദാത്ത മാതൃകയായിരുന്ന സിസ്റ്ററെന്ന് ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടിയുടെ പോസ്റ്റുലേറ്റർഫാ. ജോസഫ് ആലഞ്ചേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കാവുകാട്ടുപിതാവിനോടു ജെയ്നമ്മയ്ക്കുണ്ടായിരുന്ന ആത്മീയ അടുപ്പവും പിതാവിന്റെ നാമകരണനടപടികൾക്ക് സിസ്റ്റർനൽകിയ നിസ്തുലമായ ശുശ്രൂഷയും തന്റെ “ദൈവവിളിക്കുള്ളിലെ വിളി”യായി (call within a call) ജെയ്നമ്മ മനസ്സിലാക്കിയിരുന്നു. കാവുകാട്ടുപിതാവിന്റെ പുണ്യജീവിതം പ്രചരിപ്പിക്കുന്നത് തന്റെ ദ്വിതീയവിളിയായി സ്വീകരിച്ച സന്ന്യാസശ്രേഷ്‌ഠയാണ് സി. ജെയിൻ കൊട്ടാരം. ഫാ. ജോസഫ് ആലഞ്ചേരി നിരീക്ഷിക്കുന്നു.