ലാഹോര്‍: ഇക്കഴിഞ്ഞ ഒക്ടോബര്‍ 13 ന് വീടിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യന്‍ കൗമാരക്കാരി അര്‍സൂ രാജയെ എത്രയും പെട്ടെന്ന് തട്ടിക്കൊണ്ടുപോയ ആളുടെ പക്കല്‍ നിന്നും കണ്ടെത്തണമെന്നും ഗവണ്‍മെന്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും സിന്ധ് കോടതി വിധിച്ചു.ഇന്നലെയാണ് കോടതിയുടെ നിര്‍ണ്ണായകമായ വിധിപ്രസ്താവം ഉണ്ടായത്.
നവംബര്‍ അഞ്ചിന് മുമ്പ് കണ്ടെത്തണമെന്നും ഗവണ്‍മെന്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് കോടതിയുടെ ഉത്തരവ് അര്‍സൂ രാജയുടെ പ്രായത്തെക്കുറിച്ച് പോലീസ്തീരുമാനമെടുക്കണമെന്നും വിവാഹത്തിനുളള നിയമസാധുതയെക്കുറിച്ച് അന്വേഷിച്ചറിയണമെന്നും പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
13 വയസ് മാത്രമുള്ള പെണ്‍കുട്ടിയെ 44 കാരനായ മുസ്ലീം തട്ടിക്കൊണ്ടുപോകുകയും പിന്നീട് നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്യുകയും ചെയ്തിരിക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ കേസ്.എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായവളും സ്വന്തം ഇഷ്ടപ്രകാരം മതംമാറി വിവാഹം ചെയ്തവളാണെന്നുമാണ് ഭര്‍ത്താവിന്റെ വക്കീല്‍ കോടതിയെ ബോധിപ്പിച്ചിരുന്നത്. കോടതി വിധിയോടെ പെണ്‍കുട്ടിയുടെ മോചനം എത്രയും പെട്ടെന്ന് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന്റെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരകളാക്കപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മതപീഡനത്തിന്‌റെ പുതിയ രൂപം തന്നെയാണ് ഇത്