മറ്റ് സിനിമാനടിമാരില്‍ നിന്ന് വ്യത്യസ്തയാണ് മിയ. വിശ്വാസജീവിതം സെലിബ്രിറ്റി സ്റ്റാറ്റസിനിടയിലും തടസം കൂടാതെ കൊണ്ടുനടക്കുന്നതില്‍ ഈ പാലാക്കാരി ശ്രദ്ധാലുവാണ്. അതിനുളള തെളിവാണ് അടുത്തയിടെ മിയയുടേതായി പുറത്തുവന്ന ഒരു വീഡിയോ.
താന്‍ ബാഗില്‍ കൊണ്ടുനടക്കുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന് തുറന്നുകാട്ടി വിശദീകരിക്കുമ്പോഴാണ് പ്രാര്‍ത്ഥനാപുസ്തകത്തിന്റെയും കൊന്തയുടെയും കാര്യം മിയ പറഞ്ഞതും പ്രേക്ഷകരെ കാണിച്ചതും. അടുത്തകാലം മുതല്‍ക്കാണ് വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കായി സമയം നീക്കിവച്ചുതുടങ്ങിയതെന്നും അതുവരെ മമ്മി ലീഡ് ചെയ്യുന്ന പ്രാര്‍ത്ഥനയില്‍ ഒപ്പം കൂടുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും മിയ പറയുന്നു. ജപമാലയുടെ ലുത്തീനിയാ ഇടയ്ക്ക് തെറ്റിപ്പോകാറുണ്ടെന്ന കാര്യവും നടി മറച്ചുവയ്ക്കുന്നില്ല.
വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ആ തെറ്റ് ഉണ്ടാകാതിരിക്കാനാണ് അടുത്തകാലത്ത് പ്രാര്‍ത്ഥനാപുസ്തകം വാങ്ങിയതെന്നും ഇപ്പോള്‍ അത് നോക്കിയാണ് പ്രാര്‍ത്ഥന ചൊല്ലുന്നതെന്നും മിയ പറയുന്നു. രണ്ട് കൊന്തയാണ് ബാഗിലുള്ളത്. അതിലൊരു കൊന്ത കോട്ടയംകാരനും പണ്ഡിതനുമായ സിറിയക് തോമസ് എന്ന വ്യക്തിയാണ് നല്കിയതെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യശേഖരമായിരുന്നുവെന്നും അത് കിട്ടിയനാള്‍ മുതല്‍ ബാഗിനുള്ളില്‍ ആ കൊന്തയും സൂക്ഷിച്ചിട്ടുണ്ടെന്നും മിയ പറയുന്നു.
ചേട്ടായീസ് എന്ന സിനിമയിലൂടെ നായികാപദവിയിലെത്തിയ മിയ അടുത്തകാലത്താണ് വിവാഹിതയായത്.