ചങ്ങനാശ്ശേരി: മിഷന് പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കണമെന്നും പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജ്ജിക്കുന്ന ആത്മീയാനുഭവമാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ട മിഷനറിമാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി.
സംഗമത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അതിരൂപത മിഷനറി ഡയറക്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രകാശനം ചെയ്തു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 23 രാജ്യങ്ങളിലെ രണ്ടായിരത്തോളം മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ കോവിഡ് മൂലം മരണമടഞ്ഞ എല്ലാ മിഷനറിമാരെയും പ്രത്യേകം അനുസ്മരിച്ചു.