വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേക്ക് എത്രയും പെട്ടെന്ന് മാര്‍പാപ്പയെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി. മാര്‍പാപ്പയുടെ ആശുപത്രിവാസം തുടരുന്നതിനിടെയാണ് ഈ പ്രസ്താവന. ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴു ദിവസം കഴിയുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും എന്നാണ് നേരത്തെ കരുതിയിരുന്നത്.
എന്നാല്‍ പത്തുദിവസം കഴിഞ്ഞിട്ടും പാപ്പായുടെ ആശുപത്രിവാസം തുടരുകയാണ്. ജൂലൈ നാലിനാണ് സര്‍ജറിക്കുവേണ്ടി പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് പാപ്പായെ വിധേയനാക്കിയത്. ജൂലൈ 12 നാണ് പാപ്പായുടെ ആശുപത്രിവാസം നീണ്ടുപോയേക്കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ദിവസങ്ങളില്‍ സമീപത്തുള്ള കാന്‍സര്‍ വാര്‍ഡിലെ രോഗികളെ പാപ്പ സന്ദര്‍ശിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കുട്ടികളുടെ കാന്‍സര്‍ വാര്‍ഡ് പാപ്പാ സന്ദര്‍ശിച്ചത്. പാപ്പ കുട്ടികളെ ആശീര്‍വദിക്കുന്നതിന്റെയും നടന്നുപോകുന്നതിന്റെയും ചിത്രങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്
.ഞായറാഴ്ചയിലെ യാമപ്രാര്‍ത്ഥനയിലും അവര്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അതേ മുറിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും കഴിയുന്നത്.