spot_imgspot_imgspot_imgspot_img

വാത്സിങ്ഹാം മാതാവിനുള്ള ‘ട്രൈബ്യുട്ട്’ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു; രചയിതാവ്, ഹിന്ദി ഭാഷയിലും വ്യക്തിമുദ്ര പതിപ്പിച്ച ഫാ.ബാബു ജോൺ.

തീർത്ഥാടക സഹസ്രങ്ങളെ സാക്ഷിയാക്കി വാത്സിങ്ഹാം മാതാവിനുള്ള ‘ട്രൈബ്യുട്ട്’ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു; രചയിതാവ്, ഹിന്ദി ഭാഷയിലും വ്യക്തിമുദ്ര പതിപ്പിച്ച ഫാ.ബാബു ജോൺ.

Appachan Kannanchira *


വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.

ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.

ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.

വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.

വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ്‌ ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്‌സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.

ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര

തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.

1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്‌യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു ‘വാക് മാൻ’ വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം ‘ദയാ സാഗർ’ എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. ‘ആത്മാ പാവനാത്മാ’ എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.

ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഡിവൈൻ വോയ്‌സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്‌ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.

ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates