Thursday, December 26, 2024
spot_img
More

    വിവാഹ രജിസ്‌ട്രേഷന്‍ ബില്ലിന്റെ ശുപാര്‍ശകള്‍ ആശങ്കകള്‍ ഉണര്‍ത്തുന്നത്: സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍

    പാലാ: വിവാഹ രജിസ്‌ട്രേഷന്‍ ബില്ലിന്റെ ശുപാര്‍ശകള്‍ ആശങ്കകള്‍ ഉണര്‍ത്തുന്നുവെന്ന് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍.ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്. വിവാഹത്തിന്റെ ഒരുക്കവും കാലവും സ്ഥലവും നിയമങ്ങളും കാർമ്മികരും ആത്മീയമായി വളരെയേറെ സാംഗത്യമുള്ളവയാണ്.ഇത്തരം കാര്യങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് നിർദിഷ്ട രജിസ്‌ട്രേഷൻ ബില്ലിന്റെ ശുപാർശകൾ എന്നുള്ളത് ആശങ്കകൾ ഉണർത്തുന്നു.

    നിലവിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളിൽ അപാകതകൾ ഇല്ലാതിരിക്കെ ഇത്തരം ശുപാർശകൾ ഉയർത്തുന്നത് ദുരുദ്ദേശപരമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു . വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുർബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്നും കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ആവശ്യപ്പെട്ടു.

    സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരുപറഞ്ഞ് ലിംഗ നിഷ്പക്ഷത പോലുള്ള വാദങ്ങൾ ഉയർത്തുന്നതും ദുരൂഹമാണ്. സ്ത്രീക്കും പുരുഷനും അവരുടെ സ്വത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിക്കാൻ സാധിക്കുക എന്നതാണ് സമത്വത്തിന്റെ ആദ്യ പടി. സമത്വമുണ്ടാകേണ്ടത് ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച്, വ്യത്യസ്തതകളെ മാനിച്ച് പരസ്പരം വളർത്തുമ്പോഴാണ്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ വിയോജിപ്പ് ഇല്ലെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാ വിഭാഗക്കാരെയും കേൾക്കാനും വിശ്വാസത്തിലെടുക്കാനും സർക്കാരുകൾ തയ്യാറാകണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

    ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പാരിസ്ഥിതിക വിഷയങ്ങളിൽ കമ്മീഷൻ ഉൽക്കണ്ഠ രേഖപ്പെടുത്തുകയും സത്വരപരിഹാര നടപടികൾക്കായി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

    പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണ്ണയം, മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ, സിൽവർ ലൈൻ റെയിൽ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ അതീവ പ്രാധാന്യത്തോടെ മനസിലാക്കാനും മനുഷ്യജീവന് പരമപ്രധാന്യം നല്കുന്ന കാഴ്ചപ്പാടോടെ തീരുമാനങ്ങൾ എടുക്കാനും അധികാരികൾ തയ്യാറാകണമെന്നും കമ്മീഷൻ ശക്തമായി അഭിപ്രായപ്പെട്ടു.

    ഏകീകൃത വി.കുർബാനയർപ്പണം നടപ്പിലാക്കുക വഴി സീറോമലബാർ സഭയിൽ വലിയ ഐക്യവും ഉണർവും ഉണ്ടായതായി കമ്മീഷൻ വിലയിരുത്തി. പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് കമ്മീഷൻ പ്രാർത്ഥനാശംസകൾ നേർന്നു. പാലാ ബിഷപ്സ് ഹൗസിൽ കൂടിയ സമ്മേളനം കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്​ഘാടനം ചെയ്തു. കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആൻ്റണി മൂലയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ, സിബിസിഐ കൗൺസിൽ അൽമായ സെക്രട്ടറി ഷെവലിയർ വി. സി. സെബാസ്റ്റ്യൻ, സാബു ജോസ്, ടോണി ചിറ്റിലപ്പിള്ളി, അഡ്വ.ബിജു പറയന്നിലം, ഡോ.കെ. വി. റീത്താമ്മ, റോസിലി പോൾ തട്ടിൽ, ഡോ.ഡെയ്സൺ പാണങ്ങാടൻ, രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!