ഒക്ടോബർ 5- ഔർ ലേഡി ഓഫ് ബൂക്ക്, ഗിയൻ (1519)
മരിയൻ കലണ്ടർ അനുസരിച്ച്, ഔർ ലേഡി ഓഫ് ബൂക്ക് ഉള്ളത് ഗിയന്നിലെ പൈൻ മലനിരകളിലാണ്. ഒരു കോർഡിലിയർ സന്യാസിയായിരുന്ന വിശുദ്ധ തോമസ്, അപകടത്തിൽ പെട്ടെന്ന് വിവരം കിട്ടിയ രണ്ട് കപ്പലുകൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കടലിൽ നിന്ന് പരിശുദ്ധ അമ്മയുടെ ഈ രൂപം കടൽത്തീരത്ത് പതിക്കുകയായിരുന്നു. അദ്ദേഹം ആ രൂപത്തെ ആദരപൂർവ്വം സ്വീകരിക്കുകയും ആ സ്ഥലത്ത്, അദ്ദേഹം നിർമ്മിച്ച ഒരു ചെറിയ ചാപ്പലിൽ കൊണ്ടുവെയ്ക്കുകയും ചെയ്തു.
ഫ്രാൻസിസ്കൻ സഹോദരന്മാരായ ‘കോർഡിലിയേഴ്സ്’ ന് ഫ്രാൻസിൽ ആ പേര് സമ്മാനിച്ചത് അരയിൽ ബെൽറ്റായി ഉപയോഗിക്കുന്ന, അറ്റത്തു അഞ്ച് കെട്ടുകളുള്ള കയറായിരുന്നു. ‘സെൻ്റ് തോമസ്’ എന്ന് സൂചിപ്പിച്ച തോമസ് ഇല്ലിറിക്കസ് (1484-1528) എന്ന ഫ്രാൻസിസ്കൻ സന്യാസി, പക്ഷേ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം അക്ഷീണം സുവിശേഷം പ്രസംഗിച്ചിരുന്ന ഒരു സഞ്ചാര പ്രഭാഷകൻ ആയിരുന്നു. നോട്ര ഡാം ആർക്കഷോണിലെ ചാപ്പൽ പണി കഴിപ്പിച്ചത് അദ്ദേഹമായിരുന്നു.
ദൈവത്തോടും ആത്മാക്കളോടും ഉള്ള തീവ്രസ്നേഹം അദ്ദേഹത്തിന്റെ വാക്കുകളെ ശക്തിപ്പെടുത്തുകയും കൂടുതൽ വാചാലമാക്കുകയും ചെയ്തു, ആയിരക്കണക്കിന് ശ്രോതാക്കളെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ആകർഷിക്കുകയും ഇളക്കിമറിക്കുകയും ചെയ്തത്.
1519-ലാണ് തോമസ് ഇല്ലിറിക്കസ്, ഇപ്പോൾ വെർജിൻ ഓഫ് അഡ്വെൻ്റ് എന്ന പേരിൽ പ്രസിദ്ധമായ ആ രൂപം കടലിനരികിൽ കണ്ടെത്തിയത്. അതേ വർഷം തന്നെ അദ്ദേഹം ആ രൂപം സ്ഥാപിക്കാനായി മരം കൊണ്ട് ഒരു ദേവാലയം നിർമ്മിച്ചു. 1525 മുതൽ ആരംഭിച്ച തീർത്ഥാടനങ്ങൾ, 1624-ൽ അത്രക്കും വർദ്ധിച്ചതു കൊണ്ട് കർദ്ദിനാൾ ഫ്രാങ്കോ ഡി സൗർദിസ് കല്ല് കൊണ്ടുള്ള ചാപ്പൽ നിർമ്മിക്കാൻ അനുമതി നൽകി. ആ ചെറിയ ചാപ്പൽ കാലക്രമേണ മണലിൽ മൂടിപ്പോയതുകൊണ്ട് പുതിയൊരു ചാപ്പൽ നിർമ്മിക്കാൻ തീരുമാനിക്കുകയും അത് 1723-ൽ പൂർത്തീകരിക്കുകയും ചെയ്തു. ചർച്ച് ഓഫ് ഇഗ്ലീസ് നോട്ര ഡാം ഡെസ് പാസ്സ് അല്ലെങ്കിൽ നോട്രെ-ഡാം ആർക്കഷോൺ എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. ധാരാളം അത്ഭുതങ്ങൾ മരിയഭക്തി വഴിയായി ആ ദേവാലയത്തിൽ നടന്നിട്ടുണ്ട്. ആർക്കഷോൺ നദീതടത്തിലേക്ക് ജലമാർഗ്ഗം പ്രവേശിക്കുന്ന കപ്പൽ യാത്രികർക്കായി ഈ പള്ളി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
ചാപ്പലിലെ കടൽഭിത്തിയുടെ അറ്റത്ത് നാവികരുടെ കുരിശ് എന്നറിയപ്പെടുന്ന ഒരു ഉയരമുള്ള കുരിശുണ്ട്. 1855-ൽ ഒരു കൊടുങ്കാറ്റിൽ അത് ഒടിഞ്ഞുപോയെങ്കിലും, പിന്നീട് ഇന്ന് കാണുന്ന രീതിയിൽ മാറ്റിസ്ഥാപിച്ചു. കടലിൽ പോയി അപകടങ്ങളെ അഭിമുഖീകരിക്കാൻ തുടങ്ങുന്നതിനു മുൻപ് ദൈവിക സംരക്ഷണത്തിനായി, കപ്പലിലെ മൂടൽ മഞ്ഞ് സൈറൺ രണ്ട് പ്രാവശ്യം മുഴക്കി ആ കുരിശിനെ അഭിവാദനം ചെയ്യുന്നത് ഒരുകാലത്ത് നാവികർ പതിവാക്കിയിരുന്നു.
കപ്പൽയാത്രികർക്കും വെള്ളത്തിനരികെ താമസിക്കുന്നവർക്കും പരിശുദ്ധ അമ്മ പ്രത്യേകമായ വിധത്തിൽ സംരക്ഷണം നൽകാറുണ്ട്. ഗലീലി കടലുമായും അവളുടെ മകൻ്റെ ശിഷ്യന്മാരുടെ തൊഴിലുമായും വളരെ പരിചയിച്ചിരുന്ന അവൾ അവരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി ഇപ്പോഴും ജാഗരൂകയാണ്.