വത്തിക്കാന്‍ സിറ്റി: അപരനെ ശ്രവിക്കുകയും അവനെ സംസാരിക്കാന്‍ അനുവദിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുറമെ നിന്ന് മറ്റുളളവരെ വിലയിരുത്തുക അസാധ്യമാണ്. സഹോദരങ്ങളുടെ ജീവിതത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യം അവര്‍ എവിടെ വസിക്കുന്നുവെന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നും മനസ്സിലാക്കണം. അപരനെ ശ്രവിക്കുന്നതും അവനെ സംസാരിക്കാന്‍ അനുവദിക്കുന്നതും ക്രൈസ്തവ പുണ്യങ്ങളാണ്. അപരനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്രിസ്തുവിനെ പോലെ നാം ധൈര്യശാലികളാകണം. മനുഷ്യന്റെ യഥാര്‍ത്ഥസാഹചര്യങ്ങളെ മനസിലാക്കണമെങ്കിലും അവനുമായി സൗഹൃദം സ്ഥാപിക്കണമെങ്കിലും കണ്ടുമുട്ടലുകള്‍ ഏറെ ആവശ്യമാണ്. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് അവര്‍ക്ക് ആവശ്യമായവ നല്‍കുവാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ യഥാര്ത്ഥ ആശയവിനിമയം പരാജയപ്പെടുന്നു. പാപ്പ പറഞ്ഞു.