കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനത്തിന്റെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കുന്നു. വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, ചാന്‍സലര്‍ റവ.ഡോ.മാത്യു ശൗര്യാംകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ സമീപം.
കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനും കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും മൂല്യബോധമുള്ള തലമുറയെ ഭരണ രാഷ്ട്രീയ രംഗത്തിറക്കാനുമുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സഭ എന്ന കാഴ്ചപ്പാട് നമ്മുടെ നെഞ്ചിടപ്പായി മാറുന്നുവെന്ന് ഉറപ്പു വരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരുത്തും കര്‍മ്മശേഷിയുള്ള സമൂഹമായി സഭാമക്കള്‍ മാറണമെന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു. ശ്ലീഹന്മാരാകുന്ന അടിത്തറയില്‍ പണിയപ്പെട്ടിരിക്കുന്ന സഭയോടു ചേര്‍ന്ന് നിന്നുകൊണ്ട് നമ്മുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകണം. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.
‘സമുദായ ശാക്തീകരണം ആധുനിക കാലഘട്ടത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജസ്റ്റിന്‍ മതിയത്ത് ക്ലാസ് നയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍മാരായ റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍ റവ .ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.