വത്തിക്കാന്‍ സിറ്റി: ആമസോണ്‍ സിനഡ് നടക്കുന്ന വേളയില്‍ വത്തിക്കാന്‍ ദേവാലയത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന വിവാദമായിത്തീര്‍ന്ന ഭൂമിമാതാവിന്റെ പ്രതിമ ടൈബര്‍ നദിയിലെറിഞ്ഞത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു. താനും ഒരു സുഹൃത്തും കൂടിയാണ് പച്ചാമാമയെ നദിയിലെറിഞ്ഞതെന്ന് യുവാവ് അവകാശപ്പെടുന്നു.
അഞ്ചുമിനിറ്റ് നേരം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഓസ്ട്രിയക്കാരനായ യുവാവ് ഈ അവകാശവാദം ഉന്നയിച്ചത്. എറിയാനുണ്ടായ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. ഒന്നാം പ്രമാണത്തിന് ലംഘനമാണത്രെ നഗ്നയായ ഈ ഗര്‍ഭിണിയുടെ രൂപം.
ഒക്ടോബര്‍ ആറുമുതല്‍ 27 വരെയായിരുന്നു ആമസോണ്‍ സിനഡ് നടന്നത്. ഈ അവസരത്തിലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടതും പിന്നീട് കാണാതെപോയതും. ഈ രുപത്തെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാണാതെ പോയ പ്രതിമയെ പോലീസാണ് ടൈബര്‍ നദിയില്‍ നിന്ന് കണ്ടെടുത്തത്.
ഇത് വിഗ്രഹാരാധനയ്ക്കുള്ളതല്ലെന്ന് വ്യക്തമാക്കിയ മാര്‍പാപ്പ പ്രതിമ കാണാതെ പോയ സംഭവത്തില്‍ മാപ്പുചോദിക്കുകയും ചെയ്തിരുന്നു.