വത്തിക്കാന്‍സിറ്റി: ഉപവിയുടെ സഹോദരന്മാര്‍ എന്ന സന്യാസസമൂഹത്തിന് വത്തിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സന്യാസസമൂഹം മനോരോഗികള്‍ക്കായുള്ള അവരുടെ ആശുപത്രിയില്‍ കാരുണ്യവധം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത് ഏത് അവസ്ഥയിലും അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കത്തോലിക്കാസഭയുടെ പ്രബോധനത്തെ ലംഘിച്ചുകൊണ്ടാണ് ഇവിടെ മനോരോഗികളെ വൈദ്യശാസ്ത്രത്തിന്‌റെ സഹായത്തോടെ കൊല്ലുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പ്രതികരണങ്ങള്‍ ഇല്ലാതെയും ശരിയായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഥമപടിയായി വത്തിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വത്തിക്കാന്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ലൂയി ലാദാരിയ ഫെറര്‍ ജൂലൈ ഒന്നിനാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്കിയത്.