റോം: ലോകത്തിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദേവാലയം സീറോ മലബാര്‍ സഭയെ ഏല്പിച്ചു. റോം രൂപത വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഇത് സംബന്ധിച്ച് ഡിക്രി പുറപ്പെടുവിച്ചു. ഇതനുസരിച്ച് റോമാ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്ന സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനത്തിന് പുതിയ സംവിധാനമായി.
സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച് ബിഷപ് നിര്‍ദ്ദേശിക്കുന്ന വൈദികനെ റോമിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലയിന്‍ പദവിയോടെ നിയമിക്കും. പുതിയ അജപാലന സംവിധാനത്തിന്റെ ആസ്ഥാനം സാന്താ അനസ്താസ്യ മൈനര്‍ ബസിലിക്ക ആയിരിക്കും.
മാര്‍പാപ്പയുടെ പ്രത്യേക താല്പര്യപ്രകാരമാണ് സീറോ മലബാര്‍ സഭയ്ക്ക ഈ ദേവാലയം ലഭിച്ചത്. റോമിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഒരു ദേവാലയത്തിന് വേണ്ടി സിനഡ് പിതാക്കന്മാര്‍ ഫ്രാന്‍സി്‌സ് മാര്‍പാപ്പയോട് 2019 ലെ ആദ്‌ലിമിനാ സന്ദര്‍ശനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ക്രിസ്തുവര്‍ഷം 325-326 കാലഘട്ടത്തില്‍ കോണ്‍സറ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ ബസിലിക്കയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.