നല്ല മനുഷ്യരെന്ന് തോന്നിക്കുന്ന ചിലരുടെ ജീവിതത്തിലേക്ക് സഹനങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും കടന്നുവരുമ്പോള്‍ പലപ്പോഴും തോന്നിയിട്ടില്ലേ ആ നല്ല മനുഷ്യന്‍ എന്തുകൊണ്ട് ഇതൊക്കെ സഹിക്കേണ്ടിവരുന്നു? ഈ സഹനങ്ങളൊക്കെ ദൈവം കാണുന്നുണ്ടോ? ഇങ്ങനെ പലവിധ സംശയങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉടലെടുക്കാറുണ്ട്. സങ്കീര്‍ത്തനങ്ങള്‍ നല്കുന്ന വെളിച്ചം അനുസരിച്ച് നാം എത്തിച്ചേരുന്ന ചില നിഗമനങ്ങള്‍ ഇപ്രകാരമാണ്.
നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ്( സങ്കീര്‍ത്തനം 34: 19)
നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ് എന്ന് പറയുമ്പോള്‍ ആ ക്ലേശങ്ങളെക്കുറിച്ച് ദൈവത്തിന് കൃത്യമായ അറിവുണ്ടെന്നും അവിടുന്ന് അത് അനുവദിക്കുന്നതാണ് എന്നുമല്ലേ അര്‍ത്ഥം? പക്ഷേ ഇത്തരം ക്ലേശങ്ങളുടെ അവസ്ഥകളില്‍ ദൈവം നീതിമാനെ ഉപേക്ഷിക്കുന്നുണ്ടോ? ഒരിക്കലുമില്ല. അതിനും പ്രസ്തുതഭാഗം തന്നെ തെളിവു നല്കുന്നു.
നീതിമാന്‍മാര്‍ സഹായത്തിന് നിലവിളിക്കുമ്പോള്‍ കര്‍ത്താവ് കേള്‍ക്കുന്നു. അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ് മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ്. അവയില്‍ നിന്നെല്ലാം കര്‍ത്താവ് അവനെ മോചിപ്പിക്കുന്നു. അവന്റെ അസ്ഥികളെ കര്‍ത്താവ് കാത്തുസൂക്ഷിക്കുന്നു. അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല. തിന്മ ദുഷ്ടരെ സംഹരിക്കും. നീതിമാന്മാരെ ദ്വേഷിക്കുന്നവര്‍ക്ക് ശിക്ഷാവിധിയുണ്ടാകും. കര്‍ത്താവ് തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു. അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. ( സങ്കീര്‍ത്തനങ്ങള്‍ 34:17-22)