കർത്താവായ ഈശോ മ്ശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
വിവാഹമെന്ന കൂദാശയുടെ സാധുതയെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില നിർദ്ദേശങ്ങൾ നല്കുവാനാണ് ഞാൻ ഈ കത്തെഴുതുന്നത്. ഇക്കാര്യങ്ങൾ സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പരിധിയിലുള്ള, ക്നാനായ വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ സീറോ-മലബാർ വിശ്വാസികൾക്കും ബാധകമാണ്.
സീറോ-മലബാർ സഭ പരിശുദ്ധ പിതാവിൻ്റെ അധികാരത്തിനു കീഴ്പ്പെട്ട 23 സ്വയാധികാര (sui iuris) പൗരസ്ത്യ കത്തോലിക്കാ സഭകളിലൊന്നാണ്. ഈ സഭയുടെ അധികാരപരിധി ഭാരതത്തിൻ്റെ അതിർത്തികൾക്കുള്ളിലാണ് വ്യാപിച്ചിരിക്കുന്നത്. അതിനാൽ ഭാരതം സീറോ-മലബാർ സഭയുടെ ‘അതിർത്തി (proper territory) ആയി കണക്കാക്കപ്പെടുന്നു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ഉൾപ്പെടെ ഭാരതത്തിനുപുറത്തുള്ള സീറോ-മലബാർ രൂപതകൾ പരിശുദ്ധ പിതാവു നേരിട്ടു സ്ഥാപിച്ചതാണ്. കാരണം സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിനോ പരിശുദ്ധ സൂനഹദോസിനോ ഭാരതത്തിനു പുറത്തു പുതിയ രൂപതകൾ സ്ഥാപിക്കാനുള്ള അധികാരമില്ല. അതിനാൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത റോമിലെ പൗരസ്ത്യസഭകളുടെ കാര്യാലയത്തിൻ്റെ (Dicastery for the Eastern Churches) നേരിട്ടുള്ള മേൽനോട്ടത്തിലാണ്.
1911-ൽ വിശുദ്ധ പത്താം പിയൂസ് പാപ്പാ ക്‌നാനായ വിശ്വാസികളുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുവാൻ കോട്ടയം അപ്പസ്തോലിക് വികാരിയേറ്റ് സ്ഥാപിച്ചു. പിന്നീട് അതിനെ രൂപത ആക്കുകയും തുടർന്ന് അതിരൂപതയാക്കി ഉയർത്തുകയും ചെയ്തു. ഭാരതത്തിനു പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്നാനായ വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ സീറോ-മലബാർ വിശ്വാസികളും റോമിലെ പരിശുദ്ധ പിതാവു സ്ഥാപിച്ച സീറോ-മലബാർ രൂപതകളുടെ ഭാഗമാണ്.
2016 ജൂലൈ 16-നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഗ്രേറ്റ് ബ്രിട്ടണിൽ സീറോ-മലബാർ രൂപത സ്ഥാപിച്ചതുവഴി ഗ്രേറ്റ് ബ്രിട്ടണിൽ താമസിക്കുന്ന ക്നാനായ വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ സീറോ-മലബാർ വിശ്വാസികളും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ്റെ മേൽനോട്ടത്തിലാണ്.
സീറോ-മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണക്രമം എന്നിവ പങ്കിടുന്ന സീറോ-മലബാർ ക്‌നാനായ സമൂഹം സീറോ-മലബാർ സഭയുടെ അവിഭാജ്യ ഘടകമാണ്.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്‌നാനായ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിച്ചു വളർത്തുവാൻ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തിനായി 6 മിഷനുകളും 9 നിയുക്ത മിഷനുകളും ക്‌നാനായ വിശ്വാസികൾക്കായി സ്ഥാപിച്ചിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടണിലെ ക്‌നാനായ വിശ്വാസികൾ ഈ മിഷനുകളുടെ അംഗങ്ങളായിരിക്കുമ്പോഴും അവർ ക്‌നാനായ സമുദായത്തിന്റെ ഭാഗമായിരിക്കും (കൂടുതൽ വിശദീകരണത്തിനായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ 2023 ജൂലൈ 20-ാം തീയതിയിലെ സർക്കുലർ നമ്പർ 302 കാണുക).
ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ക്നാനായ മിഷനുകളിലും നിയുക്ത മിഷനുകളിലും സജീവമായി പങ്കെടുത്തുകൊണ്ട് എല്ലാ ക്‌നാനായ വിശ്വാസികൾക്കും കത്തോലിക്കാ വിശ്വാസം പൂർണ്ണമായി ജീവിക്കുകയും ആഗോള കത്തോലിക്കാസഭയിൽ ക്‌നാനായ പാരമ്പര്യം നിലനിർത്തുകയും ചെയ്യാം.
ഭാരതത്തിലോ മറ്റു രാജ്യങ്ങളിലോ ജനിച്ചു വളർന്നവരും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടണിൽ താമസിക്കുന്നവരുമായ ക്നാനായ വിശ്വാസികൾ ഉൾപ്പെടെയുള്ള സീറോ-മലബാർ വിശ്വാസികൾ സ്ഥിരവാസസ്ഥാനം (domicile) അല്ലെങ്കിൽ താൽക്കാലിക വാസസ്ഥാനം (quasi-domicile) എന്ന തത്ത്വത്താൽ ഗ്രേറ്റ് ബ്രിട്ടൺ രൂപയുടെ ഭാഗമാണ് (Canon 912: § 1 ഏതെങ്കിലും കാരണത്താൽ മാറേണ്ടിവരുന്നില്ലെങ്കിൽ സ്ഥിരമായി താമസിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരിടവകയിലോ രൂപതയിലെങ്കിലുമോ ഉള്ള വാസം വഴിയോ താമസം യഥാർത്ഥത്തിൽ അഞ്ചുവർഷത്തേക്കു നീളുന്നതുവഴിയോ ഒരുവനു സ്ഥിരവാസസ്ഥാനം ലഭിക്കുന്നു § 2. ഏതെങ്കിലും കാരണത്താൽ മാറേണ്ടിവരുന്നില്ലെങ്കിൽ മൂന്നു മാസമെങ്കിലും താമസിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരിടവകയിലോ രൂപതയിലെങ്കിലുമോ ഉള്ള വാസം വഴിയോ താമസം യഥാർത്ഥത്തിൽ മൂന്നുമാസത്തേക്കു നീളുന്നതുവഴിയോ ഒരുവനു താൽക്കാലിക വാസസ്ഥാനം ലഭിക്കുന്നു).
ഇവർ ഭാരതത്തിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ സ്ഥിരമായി മടങ്ങുകയാണെങ്കിൽ തത്ത്വമനുസരിച്ച് അവരുടെ വാസസ്ഥാനം മാറും.
പൗരസ്ത്യസഭകളുടെ നിയമസംഹിതയനുസരിച്ച് ഒരേ സ്വതന്ത്രസഭയിലെ രണ്ടു വിശ്വാസികൾ തമ്മിലുള്ള വിവാഹം സാധുവാകണമെങ്കിൽ, പ്രസ്‌തുത സഭയുടെ സ്ഥലം മേലദ്ധ്യക്ഷനോ സ്ഥലത്തെ വികാരിയോ അല്ലെങ്കിൽ അവരാരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികനോ ആണ് വിവാഹം ആശീർവ്വദിക്കേണ്ടത്. ഗ്രേറ്റ് ബ്രിട്ടൺ രൂപയുടെ മെത്രാൻ നിയമിക്കുന്ന വൈദികരാണ് ക്‌നാനായ വിശ്വാസികൾ ഉൾപ്പെടെയുള്ള സീറോ-മലബാർ വിശ്വാസികളുടെ സ്ഥലത്തെ വികാരിമാർ (proper pastors).
ഗ്രേറ്റ് ബ്രിട്ടൺ സീറോ-മലബാർ രൂപതയിലെ രണ്ടു വിശ്വാസികൾക്ക് ലത്തീൻ റീത്ത് ഉൾപ്പെടെ മറ്റേതെങ്കിലും കത്തോലിക്കാ റീത്തിൽ വിവാഹമെന്ന കൂദാശ ആശീർവ്വദിക്കപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ നിയമത്തിൽ നിന്നും ഒഴിവ് (dispensation) ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒഴിവു ലഭിക്കാൻ. അതതു വിശ്വാസിയുടെ സ്ഥലത്തെ വികാരി (proper pastor) വഴി ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ് (CCEO Canon 830).
സ്നേഹത്തിന്റെയും കൂട്ടായ്‌മയുടെയും അനുഭവമായ വിവാഹമെന്ന കൂദാശയുടെ സകലകൃപാവരങ്ങളും സ്വീകരിച്ചു വളർന്നുവരുവാൻ അതിലേക്കു പ്രവേശിക്കുന്നവർക്കുവേണ്ട എല്ലാ സഹായവും സഹകരണവും രൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്ന എല്ലാ വൈദികരും നല്കേണ്ടതാണ്.
മ്ശിഹായുടെയും സഭയുടെയും അമ്മയായ മർത്ത് മറിയത്തിൻ്റെയും സഭയുടെ സംരക്ഷകനായ മാർ യൗസേപ്പിന്റെയും നമ്മുടെ വിശ്വാസത്തിൻ്റെ പിതാവായ മാർത്തോമ്മാശ്ലീഹായുടെയും നമ്മുടെ രൂപതയുടെ മദ്ധ്യസ്ഥയായ മർത്ത് അൽഫോൻസായുടെയും സകലവിശുദ്ധരുടെയും മദ്ധ്യസ്ഥതയാൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ വിശ്വാസികൾക്കും ദൈവത്തിൻ്റെ സമൃദ്ധമായ അനുഗ്രഹം ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
മ്ശിഹായിൽ സ്നേഹപൂർവ്വം,
♰ യൗസേപ്പ് സ്രാമ്പിക്കൽ ♰
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ