കാഞ്ഞിരപ്പള്ളി : ജീവനുണ്ടാകാനും, അത് സമൃദ്ധമായുണ്ടാകാനും എന്നത് ശുശ്രൂഷാവാക്യമാക്കി 19 വര്‍ഷം കാഞ്ഞിരപ്പള്ളി രൂപതക്ക് അനുപമ നേതൃത്വം നല്കിയ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് മെത്രാഭേഷക രജതജൂബിലിയില്‍. ജൂബിലി ദിനമായ നാളെ (തിങ്കൾ) രാവിലെ 6.30 ന് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ മാത്യു അറയ്ക്കലിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതാണ്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും നേതൃത്വം വഹിച്ച ശ്രേഷ്ഠ ഇടയന് ദൈവം ഒരുക്കിയ കരുതലിനും നേട്ടങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുകയാണ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലായി 56 വര്‍ഷമായി പൗരോഹിത്യശുശ്രൂഷ അര്‍പ്പിച്ചുവരുന്ന പിതാവിന് 82-ാം വയസിന്റെ ധന്യതയിലായാണ് മെത്രാഭിഷേക ജൂബിലി. തുറവിയുള്ള മനസും ഉന്നതമായ ദര്‍ശനങ്ങളും കുലീനമായ ബന്ധങ്ങളും ആഴമേറിയ ആത്മീയചൈതന്യവുമുള്ള അറയ്ക്കല്‍ പിതാവ് തുടക്കം കുറിച്ച എല്ലാ സംരംഭങ്ങളിലും അത്ഭുതാവഹമായ അഭിവൃദ്ധിയാണുണ്ടായത്.
കാഞ്ഞിരപ്പള്ളി രൂപതയ്ക്കു മാത്രമല്ല സഹ രൂപതകള്‍ക്കും നാനാജാതി മതസ്തര്‍ക്കും പിതാവ് സഹായകനും സംരക്ഷകനുമായിരുന്നു.
1971 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച് 27-ാം വയസില്‍ അവിഭക്ത ചങ്ങനാശേരി അതിരൂപതയിലെ അമ്പൂരി ഇടവകയിലാണ് വൈദിക ശുശ്രൂഷയുടെ തുടക്കം. തുടര്‍ന്ന് ചങ്ങനാശേരി അരമനയില്‍ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായും സേവ് എ ഫാമിലിയുടെ ഡയറക്ടറുമായി നിയമിതമായി.
1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ പീരുമേട്-മുറിഞ്ഞപുഴ പള്ളികളുടെ വികാരിയായി നിയമിതനായി. 1980-ല്‍ മാത്യു അറയ്ക്കലച്ചനെ ചുമതലയേല്‍പ്പിച്ച് സ്ഥാപിതമായ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി മലയോര വികസനത്തിലെ നാഴികക്കല്ലായിരുന്നു. ജൈവകൃഷി, യൂറോപ്യന്‍ ഏജന്‍സികളുടെ ജൈവസര്ട്ടിഫിക്കേഷന്, ജൈവവളം നിര്‍മാണം, കാര്‍ഷിക മൂല്യവര്‍ധന, വിദേശ വിപണനം, സുസ്ഥിരവികസനം തുടങ്ങി വൈവിധ്യമാര്‍ന്ന നേട്ടങ്ങളാണ് ഈ സ്ഥാപനം നേടിയെടുത്തത്. 40 ഗ്രാമങ്ങളിലായി 1500 സ്വാശ്രയസംഘങ്ങള്‍ക്കും കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ക്കും പിഡിഎസ് തുടക്കമിട്ടു. . ആദിവാസികളുടെ ജൈവകാര്‍ഷികോത്പനങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയും സര്‍ട്ടിഫിക്കേഷനോടെ വിപണി കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‍ഗാനിക് സ്പൈസസ് കയറ്റുമതി സ്ഥാപനമായി പിഡിഎസ് വളര്‍ന്നു.
2001 ജനുവരി 19ന് ഫാ. മാത്യു അറയ്ക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെത്രാനായി ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ നിയമിച്ചു. ഫെബ്രുവരി ഒന്‍പതിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ കൈവയ്പു ശുശ്രൂഷ വഴി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ മാത്യു വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ സൗഹൃദ വലയം രൂപതയ്ക്കും സഭയ്ക്കും സമുദായത്തിനും എക്കാലവും കരുത്തുപകരുന്നു.ഒരിക്കലെങ്കിലും പരിചയപ്പെടാനിടയായവരുടെ ഹൃദയങ്ങളില്‍ കാരുണ്യവും സ്നേഹവും സഹവര്‍ത്തിത്വവും സമ്മാനിച്ച അപാരവും അപൂര്‍വവുമായ വ്യക്തിത്വമാണ് അറയ്ക്കല്‍ പിതാവിന്റേത്. വലിയവര്‍ക്കും ചെറിയവര്‍ക്കും ആ സ്നേഹസൗഹൃദവലയത്തില്‍ എക്കാലവും ഇടമുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരിക്കെ കേന്ദ്ര പ്ലാനിംഗ് കമ്മീഷന് അഡൈ്വസര്‍, കേരളത്തിലെ തുടര്‍വിദ്യാഭ്യാസഭരണസമിതി അംഗം, അക്കാഡമിക് കൗണ്‍സില്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ അംഗം, നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് അംഗം, കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്നോളജി അംഗം, കേരളാ ഫാമിംഗ് കോര്പ്പറേഷന് അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗം തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
കേരളാ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡലവപ്മെന്റ് കമ്മീഷന് ചെയര്മാന്, ജീവന് ടെലികാസ്റ്റിംഗ് കോ-ഓപ്പറേഷന് ചെയര്മാന്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന്, അല്മായ കമ്മീഷന് ചെയര്മാന്, ഇന്‍ഫാം ദേശീയ രക്ഷാധികാരി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
25 പുതിയ ഇടവകകളാണ് 19 വര്‍ഷത്തെ ഇടയശുശ്രൂഷാവേളയില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ ആരംഭിച്ചത്. 58 പള്ളികളുടെയും 58 വൈദികമന്ദിരങ്ങളുടെ നിര്‍മിതിയില്‍ പങ്കാളിയായി കൂദാശ ചെയ്യുകയും അഞ്ച് ഫൊറോനകള്‍ സ്ഥാപിക്കുകയും ചെയ്തു.
വിദ്യാഭ്യാസമേഖലയില്‍ അറയ്ക്കല്‍ പിതാവിന്റെ ദര്‍ശനം രൂപതയ്ക്കും നാടിനും വലിയ നേട്ടമായി. കുട്ടിക്കാനം മരിയന്‍ കോളജ്, കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്ര, പ്രശസ്തമായ സ്ക്കൂളുകൾ എന്നിവയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു. മുണ്ടക്കയം സാധാരണക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 2005 ല്‍ ആരംഭിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താമസിക്കുവാനും പഠിക്കുവാനും തൊഴില്‍ പരിശീലനം നല്കുവാനും വാഴൂര്‍ ചെങ്കല്ലില്‍ ഏഞ്ചല്‍സ് വില്ലേജ് പടുത്തുയര്‍ത്തി.
അഗതിമന്ദിരങ്ങള്‍, വയോജന ഭവനങ്ങള്‍ മനോരോഗചികിത്സാലയങ്ങള്‍, ലഹരിവിമോചന കേന്ദ്രങ്ങള്‍, ശാരീരിക ന്യൂനതയുള്ളവരുടെ സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി എഴുപത് സ്ഥാപനങ്ങളിലൂടെ അനേകര്‍ക്ക് ആശ്വാസം നല്കാന് നല്ലസമറായയനായി പിതാവ് ശുശ്രൂഷകര്‍ക്ക് കരുതലേകി.
Fr. Stanly Pullolickal
P R O
Mob. 94960 33110