വാഷിംങ്ടണ്‍: അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ 250 ാം സ്വാതന്ത്ര്യപ്രഖ്യാപനത്തോട് അനുബന്ധിച്ചായിരുന്നു രാജ്യത്തെ മെത്രാന്മാര്‍ അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത്. ജൂണ്‍ 11 ാം തീയതിയായിരുന്നു സമര്‍പ്പണം നടന്നത്. രാജ്യത്തിലെ എല്ലാ ഇടവകകളിലും ഇതുസംബന്ധിച്ച് ചടങ്ങുകള്‍ നടന്നു. വിശുദ്ധ കുര്‍ബാന, ആരാധന, നൊവേനകള്‍, മറ്റ് പ്രാര്‍ത്ഥനകള്‍ എന്നിവയോടെയായിരുന്നു സമര്‍പ്പണം. ജൂണ്‍ 12 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന ബിഷപ്പുമാരുടെ പ്ലീനറി അസംബ്ലിയുടെ മധ്യത്തില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രത്യേക കുര്‍ബാനയും സമര്‍പ്പണ പ്രാര്‍ത്ഥനയും നടന്നു. വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് തൊട്ടുപിന്നാലെ, കുര്‍ബാനയ്ക്കിടെ ഒരുമിച്ച് വായിച്ച പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് മെത്രാന്മാര്‍ സമര്‍പ്പണം നടത്തിയത്. രാഷ്ട്രത്തിന്റെ ഭാവിയിലേക്കുള്ള പ്രത്യാശയുടെ പ്രവൃത്തിയാണിതെന്നും ഭാവി ദൈവത്തിന്റേതാണ് എന്ന ഓര്‍മ്മപ്പെടുത്തലാണെന്നും ബാള്‍ട്ടിമോറിലെ ആര്‍ച്ച് ബിഷപ്പ് വില്യം ഇ. ലോറി പറഞ്ഞു. സെന്റ് മാര്‍ഗരറ്റ് മേരിയുടെയും തിരുഹൃദയത്തിന്റെയും അര്‍ത്ഥവും സന്ദേശവും പറയുന്ന സേക്രഡ് ഹാര്‍ട്ട്: ഹിസ് റീണ്‍ ഹാസ് നോ എന്‍ഡ് എന്ന ചിത്രം അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.