റോസറി നൊവേനയോ,, അമ്പത്തിനാലു ദിവസത്തെ നൊവേനയോ.. കേള്‍ക്കുന്ന മാത്രയില്‍ പലര്‍ക്കും സംശയം തോന്നാം. പക്ഷേ അങ്ങനെയൊരു പ്രാര്‍ത്ഥന സഭയിലുണ്ട്. ഫാത്തിമായില്‍ പരിശുദ്ധ മറിയം ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ 33 വര്‍ഷം മുമ്പ് ഫോര്‍ച്യൂണ അഗ്രെല്ലി എന്ന പെണ്‍കുട്ടിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുകൊടുത്തതാണ് അത്ഭുതസിദ്ധിയുള്ള ഈ പ്രാര്‍ത്ഥന.
മാതാവ് ഫോര്‍ച്യൂണയ്ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ ആ കുട്ടി മരണകരമായ രോഗത്തിന്റെ പിടിയിലായിരുന്നു. ഈ സമയത്താണ് മഹിമാതിരേകത്തോടെ മാതാവ് അവള്‍ക്ക് പ്രത്യക്ഷയായത്. അപ്പോള്‍ ഫോര്‍ച്യൂണ ഇങ്ങനെ മാതാവിനോട് പറഞ്ഞു.
ജപമാല റാണീ, എന്നോട് കൃപകാണിച്ചാലും എന്റെ ആരോഗ്യം പുനസ്ഥാപിക്കണമേ. ഞാന്‍ അമ്മയോട് നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചു. എന്നാല്‍ എനിക്ക് അത് ഫലം തന്നില്ല. ഞാന്‍ സുഖപ്പെടുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.
മാതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു
എന്നെ പലരും പല പേരുകളാല്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നീയെന്നെ വിളിച്ച പേര് എന്നെ ഏറെ സന്തോഷിപ്പിച്ചു. ജപമാല റാണി. ഈ പേര് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് വിളിച്ചപേക്ഷിക്കുന്നവരെ ഞാനൊരിക്കലും തള്ളിക്കളയുകയില്ല അതുകൊണ്ട് നീ 54 ദിവസത്തെ റോസറി നൊവേന ചൊല്ലിപ്രാര്‍ത്ഥിക്കുക.
സാധാരണയായി നൊവേന എന്നത് ഒമ്പതുദിവസത്തെ പ്രാര്‍ത്ഥനയാണ്. പക്ഷേ ഇവിടെ മാതാവ് ആവശ്യപ്പെട്ടത് 54 ദിവസത്തെ നൊവേന പ്രാര്‍ത്ഥനയെന്നാണ്.
ഇതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.
ജപമാലയുടെ ഓരോ രഹസ്യവും- സന്തോഷം, ദുഖം, മഹിമ- ഒരു പ്രത്യേക കാര്യം സാധിച്ചുകിട്ടുന്ന എന്ന ലക്ഷ്യത്തോടെ ഇരുപത്തിയേഴ് ദിവസം മാറിമാറി ചൊല്ലുക.
27 ദിവസം കഴിഞ്ഞുകഴിയുമ്പോള്‍ അടുത്ത 27 ദിവസത്തേക്ക് ഇതുപോലെ തന്നെ ജപമാലരഹസ്യങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുക. എന്നാല്‍ ഇത്തവണ ചൊല്ലേണ്ടത് കൃതജ്ഞതാപ്രകാശനമായിട്ടായിരിക്കണം. ആദ്യത്തേത് ഉദിഷ്ടകാര്യവും രണ്ടാമത്തേത് കൃതജ്ഞതാപ്രകാശനവും.
അങ്ങനെ 27+27 ആകെ 54 ദിവസം. ഈ ദിവസങ്ങളില്‍ വിശ്വാസത്തോടെ ഇപ്രകാരം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നമ്മുക്ക് ദൈവാനുഗ്രഹം ലഭിക്കുമെന്നാണ് പരിശുദ്ധ മറിയത്തിന്റെ വാഗ്ദാനം.
അപ്പോള്‍ ചിലര്‍ക്ക് സംശയം തോന്നാം പ്രകാശത്തിന്റെ രഹസ്യം ചേര്‍ക്കണോയെന്ന്. വേണ്ട കാരണം പ്രകാശത്തിന്റെ രഹസ്യം കൂട്ടിചേര്‍ക്കുന്നതിന് മുമ്പായിരുന്നു മാതാവിന്റെ ഈ പ്രത്യക്ഷീകരണവും വാഗ്ദാനവും. അതുകൊണ്ട ജപമാലയിലെ ആദ്യത്തെ മൂന്നു രഹസ്യങ്ങള്‍ മാത്രം ചൊല്ലിയാല്‍ മതിയാവും.