വിധിക്കപ്പെടാതിരിക്കാനും കുറ്റം ആരോപിക്കപ്പെടാതിരിക്കാനും നാം എന്തു ചെയ്യണം? തിരുവചനം പറയുന്നത് കേള്‍ക്കൂ

മറ്റുള്ളവരെ അകാരണമായും അന്യായമായും വിധിക്കാനും അവര്‍ക്കെതിരെ കുറ്റം ആരോപിക്കാനും നമുക്കെന്ത് ഉത്സാഹമാണ്! നമ്മുടെ തന്നെ തെറ്റിദ്ധാരണകളോ വെറുപ്പോ അസൂയയോ ഒക്കെ കാരണമായിട്ടായിരിക്കാം നാം മറ്റൊരാള്‍ക്കെതിരെ കുറ്റാരോപണം നടത്തുന്നത്.

എന്നാല്‍ നാം മറ്റുള്ളവര്‍ക്കെതിരെ നടത്തുന്ന കുറ്റാരോപണങ്ങളില്‍ പാതിയെങ്കിലും അതേ തീവ്രതയോടെ നമ്മുടെ നേരെ വരുമ്പോഴോ? നാം പതറിപ്പോകുന്നു, തളര്‍ന്നുപോകുന്നു. വിഷമിക്കുന്നു. പക്ഷേ അപ്പോഴും നാം നടത്തിയ കുറ്റാരോപണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.

ചിലപ്പോഴെങ്കിലും നാം കുറ്റാരോപിതരും വിധിക്കപ്പെടുന്നവരും ആകുന്നത് നിരപരാധികളുടെ മേല്‍ കുറ്റം ചുമത്തുന്നതുവഴികൂടിയല്ലേ. അങ്ങനെയും സംശയിക്കാവുന്നതാണ്.

അതെന്തായാലും തിരുവചനം നമ്മോട് പറയുന്നത് ഇതാണ്. നിങ്ങള്‍ വിധിക്കരുത്. നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്. നിങ്ങളുടെ മേലും കുറ്റം ആരോപിക്കപ്പെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും.( ലൂക്ക 6:37)

മറ്റൊരാള്‍ക്ക് നേരെ നാം ഒരു വിരല്‍ ഉയര്‍ത്തുമ്പോള്‍ മറ്റ് ഒമ്പതുവിരലുകള്‍ നമുക്കെതിരെ ഉയരുമെന്ന് തിരിച്ചറിഞ്ഞ് കുറ്റാരോപണങ്ങളില്‍ നിന്നും വിധിക്കലുകളില്‍ നിന്നും നമുക്ക് അകന്നുനില്ക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.