ഫാ. നഥാനിയേല്‍ അല്‍ബെറിയോണിനെ സംബന്ധിച്ച് ഏറ്റവും കൃതജ്ഞതാഭരിതമായ നിമിഷങ്ങളാണ് കടന്നുപോയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുദിനമായിരുന്നു നവംബര്‍ 21. കാരണം അദ്ദേഹം വൈദികനായി അഭിഷിക്തനായത് അന്നേ ദിവസമായിരുന്നു.
കഴിഞ്ഞവര്‍ഷം കോവിഡ് രോഗബാധിതനായി 50 ദിവസം കോമയില്‍കഴിഞ്ഞ വ്യക്തിയാണ് നഥാനിയേല്‍. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള കഠിനമായ യാത്ര. അതിനൊടുവില്‍ ജീവിതത്തിലേക്കും തന്റെസ്വപ്‌നങ്ങളിലേക്കുമാണ് അദ്ദേഹം കണ്ണുതുറന്നത്.
അര്‍ജന്റീനയിലെ കോര്‍ഡോബ സ്വദേശിയാണ് ഈ 33 കാരന്‍. ബിഷപ് ജോവാക്വിന്‍ ലാഹോസിന്റെ കൈവയ്പ് ശുശ്രൂഷവഴിയാണ് നഥാനിയേല്‍ വൈദികനായത്. ഇടവകസമൂഹത്തെ സംബന്ധിച്ചും നവംബര്‍ 21 സന്തോഷത്തിന്റെ ദിനമായിരുന്നു. കാരണം കഴിഞ്ഞവര്‍ഷം ഇടവകസമൂഹം മുഴുവനും നഥാനിയേലിന്റെ രോഗസൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു.
ഇതുപോലൊരു സന്ദര്‍ഭത്തില്‍ നന്ദി എന്ന് പറയുന്നത് വളരെ ചെറുതാണെന്ന് എനിക്കറിയാം എന്നാല്‍ ഇതല്ലാതെ മറ്റൊരു വാക്കും പറയാനില്ലാത്തതിനാല്‍ അതുതന്നെ പറയട്ടെ. നന്ദി.. ഇങ്ങനെയായിരുന്നു ഫാ. നഥാനിയേലിന്റെ മറുപടിപ്രസംഗം.
നവവൈദികന്റെ സന്തോഷത്തിന് ഇരട്ടിമധുരം നല്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിനന്ദനക്കത്തും ലഭിച്ചു.