നാളെ ദൈവകരുണയുടെ തിരുനാള്‍ ആയി സാര്‍വത്രിക സഭ ആഘോഷിക്കുകയാണല്ലോ. ഈ അവസരത്തില്‍ ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കേണ്ടതിന്റെയും കരുണയുടെ ഈശോയുടെ രൂപം കുടുംബങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
വിശുദ്ധ ഫൗസ്റ്റീനയിലൂടെ ലോകത്തിന് വെളിപ്പെട്ടുകിട്ടിയ പ്രാര്‍ത്ഥനയാണ് ദൈവകാരുണ്യ നവനാളും അതോട് അനുബന്ധിച്ചുള്ള ദൈവകാരുണ്യഭക്തിയും. ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവരെക്കുറിച്ചുള്ള ഈശോ അരുളിച്ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഇതാണ്.
ഒരു അമ്മ തന്റെ കുഞ്ഞിനെ അപകടങ്ങളില്‍ നിന്ന് എങ്ങനെ സംരക്ഷിക്കുമോ അതുപോലെ ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. മരണസമയത്ത് ഞാന്‍ അവരുടെ വിധിയാളനായിരിക്കുകയില്ല, മറിച്ച് രക്ഷകനായിരിക്കും.
ഈശോയുടെ ഈ വാഗ്ദാനത്തില്ന ാം ഉറച്ചുവിശ്വസിക്കണം. നാം എത്രമേല്‍ പാപികളാണെങ്കിലും ഈശോയുടെ കരുണയില്‍ നാം വിശ്വസിക്കണം. ആശ്രയിക്കണം. ഈശോയെ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നുവെന്ന് കഴിയുന്നത്ര അവസരങ്ങളിലെല്ലാം നാം ഈശോയോട് പറയണം. കരുണയുടെ ഈശോയുടെ രൂപം നമുക്കെല്ലാവര്‍ക്കും പരിചയമുള്ള ഒന്നാണ്. ഈ ചിത്രം വണങ്ങുന്ന കുടുംബങ്ങള്‍ക്കുമുണ്ട് ഈശോയുടെ വാഗ്ദാനം. ആ വാഗ്ദാനം ഇതാണ്.
ഈ ചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ആത്മാവിനെ ജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തുമുള്ള ശത്രുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും. ഈ ചിത്രം സ്ഥാപിച്ചുവണങ്ങുന്ന കുടുംബങ്ങളെയും നഗരങ്ങളെയും ഞാന്‍ കാത്തുകൊള്ളൂം.
ഈ വാഗ്ദാനവും നമുക്ക് ഹൃദയത്തിലേറ്റുവാങ്ങാം. ഈശോയേ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.