Wednesday, January 15, 2025
spot_img
More

    കുടുംബങ്ങളെ നശിപ്പിച്ചിട്ട് സര്‍ക്കാരിന് ലാഭമുണ്ടാക്കണം എന്നു പറയുന്നതില്‍ എന്തു ന്യായം?

    വിശ്വാസീസമൂഹത്തെയും മദ്യനയത്തെയും ബന്ധിപ്പിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ .
    കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ ബാറുകളും മദ്യശാലകളും തുറക്കുവാന്‍ തിടുക്കത്തില്‍ ചര്‍ച്ചകളൊരുക്കുകയാണ് നമ്മുടെ സര്‍ക്കാര്‍. കോവിഡ് മുന്‍കരുതലിനുവേണ്ടി സകലയിടവും, എല്ലാ  തൊഴില്‍മേഖലകളും സകല സാമ്പത്തികസ്രോതസ്സുകളും ബിസിനസ്സുകളും കടകമ്പോളങ്ങളുമെല്ലാം അടച്ച് ജനം സഹകരിക്കുന്നുണ്ട്. അതിന്‍റെ ഫലം കേരളസമൂഹത്തിനു ലഭിക്കുന്നുമുണ്ട്. നല്ലതുതന്നെ.

    അടച്ചുപൂട്ടിയ അനവധി മേഖലകളില്‍ ഇപ്പോള്‍, എമര്‍ജന്‍സിയായി തുറക്കേണ്ട കാര്യം മദ്യശാലകളാണ് എന്നാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്. അത് സര്‍ക്കാരിന്‍റെ സാമ്പത്തികസ്രോതസ്സാണ് എന്നതാണ് പതിവു മറുപടി.

    നമ്മുടെ കുടുംബങ്ങളെ നശിപ്പിച്ചിട്ട് സര്‍ക്കാരിന് ലാഭമുണ്ടാക്കണം എന്നു പറയുന്നതില്‍ എന്തു ന്യായം? മദ്യശാലകള്‍ പെട്ടെന്ന് അടച്ചാല്‍ കുടിയന്മാരെല്ലാവരും കൂട്ട ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ എവിടെ? ചിലരുടെയൊക്കെ മരണങ്ങള്‍കൊണ്ട് കുടുംബം രക്ഷപെട്ടതല്ലാതെ, എന്തു ഭവിഷ്യത്താണ് മദ്യശാലകള്‍ അടച്ചതുകൊണ്ട് ഉണ്ടായത്? ചിന്തിക്കുക.

    ഇത് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെയുള്ള കുറിപ്പല്ല.കാര്യത്തിലേക്കു കടക്കാം.
    മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെങ്കില്‍, അതിനു മുന്നില്‍ പാതി വെളിവോടെയും വെളിവില്ലാതെയും ജനത്തിനു വരിയായി നില്‍ക്കുന്നതില്‍ അപാകതയില്ലെങ്കില്‍ – പവിത്രമായി, അതിവൃത്തിയോടെ സൂക്ഷിക്കപ്പെടുന്നതും അകന്നകന്നു നില്‍ക്കുവാന്‍ ധാരാളം ഇടമുള്ളതുമായ നമ്മുടെ ആരാധനാലയങ്ങളും തുറക്കപ്പെടേണ്ടതല്ലേ?

    മദ്യശാലകള്‍ക്കു മുന്നില്‍ നില്‍ക്കുന്നതില്‍ കര്‍ശന നിബന്ധനകളുണ്ട് എന്നതാകും മറുന്യായം. ആയിക്കൊള്ളട്ടെ. കര്‍ശന നിബന്ധനകളോടെ  വിശുദ്ധ കുര്‍ബാനകള്‍ നമ്മുടെ ദേവാലയങ്ങളില്‍ ആരംഭിക്കേണ്ടതല്ലേ.?പങ്കെടുക്കുന്നവരുടെ എണ്ണം 30-40 ല്‍ കൂടരുത്, ആഘോഷങ്ങള്‍ പാടില്ല, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ വരേണ്ടതില്ല മുതലായ നിബന്ധനകൾ നല്ലതു തന്നെ.

    മദ്യശാലകളേക്കാള്‍ എത്രയോ മടങ്ങ് സുരക്ഷിതമാണ് നമ്മുടെ ദേവാലയങ്ങള്‍! മദ്യശാലയില്‍ വരുന്നവരേക്കാള്‍ എത്രയെത്ര മടങ്ങ് സുബോധമുള്ളവരാണ് നിബന്ധനകളനുസരിച്ച് ദേവാലയത്തില്‍ വരുന്നവര്‍..!
    പൂച്ചക്ക് ആരു മണികെട്ടും!!കാലമെത്ര കഴിഞ്ഞാലും ഇന്നും ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമാണിത്. മണികെട്ടേണ്ടവര്‍ നമ്മുടെ ആദരണീയരായ സഭാധികാരികള്‍ തന്നെ. മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയമാണ് പ്രധാനം. വൈകിയുദിക്കുന്ന ബുദ്ധി പലപ്പോഴും മണ്ടത്തരത്തിനു തുല്യം. 

    കോവിഡ് പരിചരണത്തിനായി സഭയുടെ ആസ്പത്രികളും ധ്യാനകേന്ദ്രങ്ങളും സ്ഥാപനങ്ങളും വിട്ടുകൊടുത്തു കരുതലോടെ സഭ സാക്ഷ്യം വഹിച്ചതാണ്. അതേ തീക്ഷ്ണത ആവശ്യമുള്ള സമയമാണിത്. ജാഗ്രതയോടെ സ്വരമുയർത്തേണ്ട സമയത്ത് നിഷ്ക്രിയരായിരിക്കുന്നതു  ശരിയല്ല.
     

    ഇത് വിശ്വാസീസമൂഹത്തിന്റെ  ആഗ്രഹവും ആവശ്യവുമാണ്. നമ്മുടെ സഭാധികാരികളും ഉത്തരവാദിത്തപ്പെട്ടവരും ഇക്കാര്യത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്ത്,  ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ സര്‍ക്കാരിന് നിവേദനം നല്‍കേണ്ടതുണ്ട്.  മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെങ്കില്‍, ആരാധനാലയങ്ങളും തുറക്കുവാന്‍ അനുവദിക്കണം എന്നത്. 
    ചില മൗനങ്ങൾ വലിയ തെറ്റുകളാണ്; അതിലേറെ അപകടകരവും.

    ഫാ. ജിയോ കണ്ണൻകുളം CMI]

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!