Wednesday, January 15, 2025
spot_img
More

    നമുക്ക് അനുരഞ്ജിതരാകാം’ വിശുദ്ധകുര്‍ബാന വിവാദമാകുമ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആഹ്വാനം ചെയ്യുന്നു

    പ്രിയമുള്ള പിതാക്കന്മാരെ, വൈദീകരെ, സന്യസ്തരെ, സഹോദരങ്ങളെ, 
    മനുഷ്യനു ശാന്തിയും പ്രത്യാശയും നല്‍കാന്‍ മനുഷ്യനായി പിറന്ന്, മനുഷ്യനായി ജീവിച്ച്, അവസാനം സ്വന്തം ജീവന്‍ മനുഷ്യര്‍ക്കുവേണ്ടി സമര്‍പ്പിച്ച ക്രിസ്തുവിന്റെ ആ വലിയ ബലിയര്‍പ്പണത്തിന്റെ അനുസ്മരണമായ വിശുദ്ധ കുര്‍ബാനയുടെ പേരില്‍, ഇന്ന് വിശ്വാസികള്‍ക്കിടയില്‍ മാത്രമല്ല, പൊതുസമൂഹത്തിലും വലിയ അശാന്തി ഉണ്ടാകുന്നു എന്നു കാണുന്നതില്‍ വലിയ ദുഖമുണ്ട്.മതങ്ങളുടെയെല്ലാം ഉദ്ദേശം മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ്. ദൈവത്തിന്റെ പേരില്‍ മതങ്ങള്‍ തമ്മിലടിക്കരുത് എന്ന് ഉപദേശത്തിന്റെ കാരണവും മറ്റൊന്നല്ല.

    പക്ഷേ, ദൈവത്തിന്റെയും, ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ മതവിഭാഗങ്ങള്‍ക്കുള്ളില്‍ത്തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും കലഹങ്ങളും ഉണ്ടാകുന്നു എന്നത് വലിയ ദു:സൂചനയാണ്. ദൈവത്തെക്കുറിച്ചു തെറ്റായ സന്ദേശമാണ് ഇതു ലോകത്തിനു കൊടുക്കുന്നതെന്നു തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകണം. 

    അനുരഞ്ജിതരാകാം. ഇപ്പോള്‍ വിവാദ വിഷയമായി മാറിയ നമ്മുടെ കുര്‍ബാനയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണല്ലൊ അനുരഞ്ജന പ്രാര്‍ഥന. ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസാക്ഷിയെ ശുദ്ധീകരിക്കാം, ശത്രുതയും വിദ്വേഷത്തിലും നിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം എന്നു കുര്‍ബാനയില്‍ നമ്മള്‍ പ്രാര്‍ഥിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ; ഇന്ന് ഇപ്രകാരം ഒരു മനസാക്ഷി പരിശോധന നടത്താനോ ആത്മശുദ്ധീകരണം നടത്താനോ നമ്മള്‍ ഭൂരിപക്ഷം പേര്‍ക്കും സാധിക്കുന്നില്ലെന്നത് പൊതുജനത്തിന്റെ വീക്ഷണമാണ്, എന്റെ വിധിതീര്‍പ്പല്ല. ജനം കാണുന്നത് അതാണ്.

    രണ്ടു വിഭാഗങ്ങളായി തിരിഞ്ഞുനില്‍ക്കുന്ന സമൂഹത്തോടു ഇനി ഇതേക്കുറിച്ചുള്ള പരസ്യമായ ചര്‍ച്ചകളും കുറ്റപ്പെടുത്തലുകളും നടപടികളും അവസാനിപ്പിക്കണമെന്ന സ്‌നേഹപ്രമാണത്തിന്റെ കല്പന പുറപ്പെടുവിച്ചുകൂടേ? ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നമുക്ക് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അതുതന്നെയാണ് ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത്. ദൗര്‍ഭാഗ്യകരമെന്നോണം അതു വ്യക്തിഹത്യയിലേക്കു വരെയെത്തി. മതമേലധ്യക്ഷന്മാരെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതും ക്രൈസ്തവ സമീപനങ്ങള്‍ക്കു നിരക്കാത്ത സമരമുറകളുമെല്ലാം ഇക്കാര്യത്തില്‍  സംഭവിച്ചുപോയി. ഇതിന് ഇനിയെങ്കിലും ഒരു വിരാമവും പരിഹാരവും ഉണ്ടായേ മതിയാവൂ.കുര്‍ബാനയെ സംബന്ധിച്ച വിവാദം ഒരു പ്രശ്‌നമാണെന്നു മനസിലാക്കുക പ്രധാനമാണ്.

    1999ലും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. വൈദികര്‍ ശയനപ്രദക്ഷിണം വരെ നടത്തിയെന്നതു മറന്നുപോകരുത്. പ്രശ്‌നത്തിനു ശാശ്വതപരിഹാരമാണ് ആവശ്യം.എന്തിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത് എന്നു തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. കുര്‍ബാനയില്‍ ഐകരൂപ്യമാണ് നമ്മുടെ ലക്ഷ്യം.  ഐക്യം ഉണ്ടാക്കാനുള്ള ഈ ശ്രമത്തിന്റെ പേരില്‍ സഭയിലാകെ ഉണ്ടായിട്ടുള്ളത് അനൈക്യവും അശാന്തിയുമാണെന്നു മനസിലാക്കുമ്പോള്‍, നമ്മുടെ തീരുമാനങ്ങളെ പുന:പരിശോധിക്കാന്‍ തയാറാകണമെന്നു തന്നെയാണ് സൂചന.
     *ബലിയേക്കാള്‍ വലുതല്ല ക്രമം* കുര്‍ബാനയുടെ ഉള്ളടക്കം (ടെക്സ്റ്റ്) ഒരു കാരണവശാലും മാറ്റം വരേണ്ടതല്ല.

    ഭാഗ്യവശാല്‍, സീറോ മലബാര്‍ സഭയുടെ പുതുക്കിയ കുര്‍ബാനക്രമത്തിന്റെ ടെക്‌സ്റ്റ് സംബന്ധിച്ച് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അതിനു പ്രധാനപ്പെട്ട കാരണം അതിനകത്ത് ധാരാളം ഓപ്ഷനുകള്‍ അനുവദിച്ചിട്ടുണ്ട് എന്നതാണ്.ചില പ്രാര്‍ഥനകള്‍ക്കു പകരം ഉപയോഗിക്കാവുന്ന പ്രാര്‍ഥനകള്‍ ചേര്‍ത്തിട്ടുണ്ട്. അത് കാലഘട്ടത്തിന്റെയോ പ്രാദേശിക സ്വഭാവമനുസരിച്ചോ അത്തരം ഓപ്ഷനുകള്‍  ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.

    കേരളത്തിലോ പുറത്തോ സീറോ മലബാര്‍ വിശ്വാസികള്‍ അര്‍പ്പിക്കുന്ന ദിവ്യബലികളില്‍ അത്തരം വ്യത്യാസങ്ങള്‍ കാണാനുമാകും.ബലിയുടെ രൂപത്തിലല്ല, ബലിയാണ് പ്രധാനം. കുര്‍ബാനയേക്കാള്‍ വലുതല്ല കുര്‍ബാനയര്‍പ്പിക്കുന്ന ക്രമം. ടെക്സ്റ്റ് പ്രധാനമാണ്. അക്കാര്യത്തില്‍ സഭയൊന്നാകെ ഒറ്റക്കെട്ടാണെന്നതുകൊണ്ട്, അതിന്റെ അര്‍പ്പണരീതിയില്‍ ഓപ്ഷനുകള്‍ അനുവദിച്ച് ഇപ്പോഴത്തെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കിക്കൂടെ? കുര്‍ബാന ടെക്‌സ്റ്റില്‍ പ്രാര്‍ഥനകളുടെ, മദ്ബഹ വിരിയുടെ, കുരിശിന്റെ കാര്യത്തിലെല്ലാം ഓപ്ഷനുകളുണ്ടല്ലൊ.
     ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്താം.

    കുര്‍ബാനയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനു രണ്ടു വര്‍ഷത്തിലധികമായി പല നിര്‍ദേശങ്ങളുമായി ഞാനും സമാനമനസ്്കരും രംഗത്തുണ്ടായിരുന്നു. അതൊന്നും ഫലം കണ്ടില്ലെന്ന സങ്കടമുണ്ട്. ഈ പശ്ചാത്തലത്തില്‍ ചില പൊതുനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്. ഒരുമിച്ച്, ഒരു പ്ലാറ്റ്‌ഫോമിലിരുന്നു ചിന്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഇത്തരം പൊതുചിന്തകള്‍ പങ്കുവയ്ക്കുന്നതിലേക്കു ശ്രമിക്കുന്നത്.താഴെ പറയുന്ന നിര്‍ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനമെടുക്കണമെന്നു സ്‌നേഹപൂര്‍വം അപേക്ഷിക്കുന്നു:
    *

    1. സീറോ മലബാര്‍ സഭയില്‍ കുര്‍ബാന പൂര്‍ണമായും അള്‍ത്താരയിലേക്കു തിരിഞ്ഞുള്ള രീതി, 50-50 എന്ന രീതി, പൂര്‍ണമായും ജനാഭിമുഖ രീതി എന്നീ മൂന്നു ക്രമങ്ങള്‍ ഉണ്ടായിരുന്നല്ലൊ.* *ഇപ്പോഴത്തെ സാഹചര്യത്തിൽ ഏകീകൃത രീതി (50-50)  സ്വീകരിക്കപ്പെടുമ്പോഴും,  ബലിയര്‍പ്പിക്കുന്ന വൈദികന് അതതു പ്രദേശങ്ങളുടെ പ്രത്യേകതകളനുസരിച്ച് ഏകീകൃത രീതിക്കൊപ്പം ജനാഭിമുഖ കുർബാനയും തെരഞ്ഞെടുക്കാനുള്ള ഓപ്ഷന് അനുവാദം കൊടുത്താൽ അത് ഐഡിയൽ ആയ പ്രശ്നപരിഹാരമാകും. അങ്ങനെവന്നാൽ ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു .*
     

    2. എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സെമിനാരികളിലും ഞായറാഴ്ച ഒരു കുര്‍ബാനയെങ്കിലും സഭയുടെ ഏകീകൃത രീതിയില്‍ (50-50 രീതി) അര്‍പ്പിക്കുന്നതു നിര്‍ബന്ധമാക്കാം. തീര്‍ഥാടന കേന്ദ്രങ്ങളിലും ദിവസത്തില്‍ ഒരു തവണയെങ്കിലും സഭയുടെ ഏകീകൃത രീതിയില്‍ (50-50 രീതി) കുർബാന അര്‍പ്പിക്കണമെന്നു നിശ്ചയിക്കാം.*
     *

    3. സഭാ മേലധ്യക്ഷന്മാര്‍ പള്ളികളിൽ ചെല്ലുമ്പോൾ അവിടുത്തെ രീതിക്കനുസരിച്ചു വിശുദ്ധ    കുര്‍ബാനയര്‍പ്പിക്കാനുള്ള ഓപ്ഷന്‍ നല്‍കുക.* 

    ഐക്യവും ഐക രൂപ്യവും രണ്ടാണ്. ഐക്യത്തിനു ഐക രൂപ്യം ഒഴിവാക്കാനാവാത്ത ഒന്നല്ല.ആഗോള കാത്തോലിക്കാ സഭയും ഭാരതവും എന്തെല്ലാം വൈവിധ്യങ്ങളെയാണ് തുറവിയോടെ ഉൾക്കൊള്ളുന്നത്.  സഭയുടെ  ഏകീകൃത കുർബാന ക്രമം എന്നതിനെ അംഗീകരിച്ചുകൊണ്ടു തന്നെ, തുറവിയോടെ മേല്പറഞ്ഞ പ്രശ്നപരിഹാര സാധ്യതകളിലേക്ക് എത്താനായാൽ, കാലം ആവശ്യപ്പെടുന്ന ക്രിസ്തുവിലുള്ള ഐക്യത്തിലേക്കു അതു നമ്മളെ നയിക്കും. നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിനും സന്യാസ ഭവനങ്ങളിലും ഉണ്ടായിട്ടുള്ള ഭിന്നതകൾക്ക് പരിഹാരമാകാൻ മേല്പറഞ്ഞ നിർദേശങ്ങൾ ഉപകരിക്കുമെന്നു പ്രത്യാശിക്കുന്നു.കുര്‍ബാനനയുടെ ടെക്‌സ്റ്റില്‍ മാറ്റംവരുത്താതെ, വൈവിധ്യങ്ങളെ അംഗീകരിച്ചു സമന്വയത്തിന്റെ തീരുമാനമെടുക്കുമ്പോള്‍, ഭിന്നതയും കലഹങ്ങളും ഇല്ലാത്ത ശാന്തിയുടെയും സമാധാനത്തിന്റെയും അതിലൂടെ ക്രിസ്തുവിന്റെയും സഭയായി സീറോ മലബാര്‍ സഭ മാറും.

    ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്ന എല്ലാവര്‍ക്കുമറിയാം, അദ്ദേഹത്തിന് ഒരു പിടിവാശിയുമില്ല. ജനങ്ങളില്‍ സന്തോഷവും സമാധാനവും വിശുദ്ധിയും ഉണ്ടാകണമെന്നതിലാണു പാപ്പയുടെ മുഖ്യ പരിഗണന.കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് സഭ എടുത്ത തീരുമാനം മാര്‍പാപ്പ അംഗീകരിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതു നടപ്പാക്കുന്ന കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ട സാഹചര്യത്തില്‍ ആ തീരുമാനം സീറോ മലബാര്‍ സഭ പുനപരിശോധിച്ചു പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാല്‍, അക്കാര്യം മാര്‍പാപ്പ തുറന്ന മനസോടെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ പാപ്പയെ അറിഞ്ഞിട്ടുള്ള  ആര്‍ക്കും സംശയമുണ്ടാവില്ല.

    കുര്‍ബാനയെ സംബന്ധിച്ചു പാപ്പയുടെ അന്തിമതീരുമാനം വന്നതിനാല്‍ ഇക്കാര്യത്തില്‍ പുനപരിശോധനയില്ലെന്നു പറഞ്ഞ് മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ തള്ളിക്കളയില്ലെന്പ്രാർത്ഥനയോടെ,പ്രതീക്ഷയോടെ, പ്രത്യാശയോടെ,
     *ജസ്റ്റീസ് കുര്യന്‍ ജോസഫ്* ഓഗസ്റ്റ് 24, 2023

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!