Wednesday, January 15, 2025
spot_img
More

    ലിറ്റില്‍ ഹാര്‍ട്‌സ് സിനിമയ്‌ക്കെതിരെ കെസിബിസി ജാഗ്രത കമ്മീഷന്‍

    അടുത്തയിടെ മലയാളസിനിമയില്‍ ശക്തമായി വന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ പ്രവണതയുടെ പുതിയ പ്രവണതയാണ് ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമ. ഈ സിനിമയിലെ ക്രൈസ്തവവിരുദ്ധപ്രവണതകളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കെസിബിസി ജാഗ്രത കമ്മീഷന്റെ കുറിപ്പ് ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

    കുറിപ്പിന്റെ പൂര്ണ്ണരൂപം ചുവടെ:

    ക്രൈസ്തവ വിരുദ്ധതയില്‍ വിരിയിച്ചെടുക്കുന്ന അധാര്‍മിക ആശയങ്ങള്‍

    നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’. മലയാള മാധ്യമങ്ങളും യൂട്യൂബര്‍മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ‘പാതി വെന്ത വിഭവം’ എന്ന രീതിയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍.

    എന്നിരുന്നാലും, കുറച്ചുകാലമായി മലയാള സിനിമയില്‍ കണ്ടുവരുന്ന ചില ആഭിമുഖ്യങ്ങളുടെ സ്വാധീനം ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ കുടുംബ പശ്ചാത്തലങ്ങള്‍, ദേവാലയാന്തരീക്ഷം തുടങ്ങിയവയാണ് ഒന്ന്. ഇടുക്കിയിലെ ഗ്രാമീണ മേഖലയിലെ സാധാരണ ക്രൈസ്തവ കര്‍ഷക കുടുംബങ്ങളാണ് ചലച്ചിത്രത്തിലുള്ളത്. പലപ്പോഴും ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളും, പ്രാര്‍ത്ഥനാന്തരീക്ഷങ്ങളും, ഇടവക വികാരിയുടെ ഇടപെടലുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

    മൂന്ന് പ്രണയങ്ങളാണ് സിനിമയുടെ കഥാ തന്തു. അതില്‍ ഒന്ന് ഒരു സ്വവര്‍ഗ്ഗ പ്രണയവും (GCC രാജ്യങ്ങള്‍ ഈ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു), മറ്റൊന്ന് വിവാഹിതയായ ഒരു സ്ത്രീയുമായുള്ള നായകന്റെ പിതാവിന്റെ പ്രണയവുമാണ്. മൂന്നാമത്തേതാണ് നായകനും നായികയും തമ്മിലുള്ള പ്രണയം. ആദ്യത്തെ പ്രണയത്തിന് ‘കാതല്‍’ എന്ന സിനിമയിലെ നായകന്റെ പ്രണയവുമായി ചില സാമ്യങ്ങളുണ്ട്. സ്വവര്‍ഗ്ഗ പ്രണയം സിനിമയില്‍ പ്രമേയമാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാം. എന്നാല്‍, എന്തിന് പള്ളിയില്‍ പോകുന്ന, കുടുംബ പ്രാര്‍ത്ഥനയുള്ള ക്രൈസ്തവ കുടുംബങ്ങളുടെ പശ്ചാത്തലത്തെ ഇത്തരമൊരു പ്രണയത്തിന് പശ്ചാത്തലമായി പ്രത്യേകം തെരഞ്ഞെടുക്കണം എന്ന ചോദ്യം പ്രസക്തമാണ്. ഇതേ ചോദ്യം തന്നെയാണ് ‘കാതല്‍’ സിനിമയുമായി ബന്ധപ്പെട്ട് മുമ്പ് ഉയര്‍ന്നതും.

    സ്വര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയവയെ അവയുടെ അസാധാരണത്വത്തിന്റെ പേരില്‍ ശക്തമായി എതിര്‍ക്കുന്നത് ക്രൈസ്തവ സമൂഹമാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് മാനുഷികമായ പരിഗണന നല്‍കണമെന്ന് സഭ ആവശ്യപ്പെടുമ്പോഴും, ഇത്തരം പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന അനുകൂല നിയമനിര്‍മ്മാണങ്ങളോട് ലോകത്ത് എല്ലായിടത്തും കത്തോലിക്കാ സഭ വിമര്‍ശനാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിന് കത്തോലിക്കാ സഭയ്ക്കും, ക്രൈസ്തവ സമൂഹങ്ങള്‍ക്കും വ്യക്തമായ കാരണങ്ങളുമുണ്ട്.

    ഈ സിനിമയില്‍ വിദേശിയായ ഒരു യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കുന്ന ഷാരോണ്‍ എന്ന കഥാപാത്രം ഒരു തികഞ്ഞ ക്രൈസ്തവ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അവന്റെ താല്‍പര്യത്തെ സര്‍വ്വാത്മനാ അംഗീകരിക്കുന്ന നായികയായ സഹോദരിയുടെ നിലപാടുകളും സിനിമയുടെ ഭാഗമാണ്. വിഭാര്യനായ തന്റെ പിതാവും, ഒരു മകളുള്ള വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുന്നയാളാണ് നായകനായ സിബിച്ചന്‍. ഭാര്യയിലും മകളിലും നിന്ന് അകന്നു ജീവിക്കുന്ന അവരുടെ ഭര്‍ത്താവ് ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും ‘അയാളെ കാര്യം പറഞ്ഞു മനസിലാക്കി’ തിരിച്ചയച്ച് സിബിച്ചന്‍ ആ വിവാഹത്തിന് കളമൊരുക്കുന്നു.

    ഇത്തരമുള്ള അസാധാരണ പ്രണയങ്ങള്‍ കഥയുടെ പ്രധാന ഭാഗങ്ങള്‍ ആയിരിക്കുന്നതോടൊപ്പം, മറ്റു ചില ഘടകങ്ങളും ശ്രദ്ധേയമാണ്. പള്ളിയിലെ രംഗങ്ങളും, പ്രാര്‍ത്ഥനാ വേളകളും തരംതാഴ്ന്ന തമാശകള്‍ സൃഷ്ടിക്കുന്നതിനായി പലപ്പോഴും ഉപയോഗിച്ചിരിക്കുന്നതാണ് അത്. ക്രൈസ്തവ വിശ്വാസത്തെയും, പ്രാര്‍ത്ഥനകളെയും, ആചാരങ്ങളെയും അനാദരവോടെ സിനിമയുടെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതുമായ അവതരണങ്ങള്‍ ഈ ചലച്ചിത്രം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

    വികലമായ ആശയങ്ങളും, തരംതാഴ്ന്ന കോമഡികളും അവതരിപ്പിക്കാന്‍ ക്രൈസ്തവ പശ്ചാത്തലം സുരക്ഷിതമാണ് എന്നതായിരിക്കാം ചലച്ചിത്ര രചയിതാക്കളെയും നിര്‍മ്മാതാക്കളെയും പതിവായി അത് തന്നെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു വലിയ വിഭാഗം മനുഷ്യരെയും, അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇത്തരത്തില്‍ തരം താഴ്ത്തി അവതരിപ്പിക്കുന്ന ശൈലി അനാരോഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. പൊതു സമൂഹത്തിനു മുന്‍പില്‍ ക്രൈസ്തവ വിശ്വാസത്തെയും ജീവിതത്തെയും കുറിച്ച് തെറ്റായ ധാരണകള്‍ രൂപപ്പെടുത്താന്‍ ചിലര്‍ സിനിമ എന്ന മാധ്യമത്തിലൂടെ നിരന്തരം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുകയും, ഇത്തരം സിനിമകളെ കേരളത്തിലെ മതേതര സമൂഹം നിരുത്സാഹപ്പെടുത്തുകയും വേണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!